ബോക്‌സോഫിസില്‍ പൊട്ടിയ താരരാഷ്ട്രീയം
കോഴിക്കോട്: തൃശൂരില്‍ സുരേഷ്‌ഗോപിയും കൊല്ലത്ത് മുകേഷും മത്സരിക്കാനിറങ്ങിയതോടെ ഇത്തവണ തെരഞ്ഞെടുപ്പിനും താരപ്പൊലിമയേറി. എന്നാല്‍ അഭ്രപാളികളില്‍ കൈയടി നേടിയ താരങ്ങളും സംവിധായകരും കേരളത്തിന്റെ രാഷ്ട്രീയ ബോക്‌സ് ഓഫിസില്‍ ഹിറ്റ് ആയിരുന്നില്ല. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ താരരാഷ്ട്രീയം വാഴുമ്പോഴും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലിറങ്ങിയവരോട് പൊതുവില്‍ കേരളം ഇഷ്ടക്കുറവ് കാണിച്ചിട്ടുണ്ട്.
ഇന്നസെന്റും ഗണേഷ് കുമാറും മുകേഷും മാത്രമാണ് ഇതുവരെ ജയിച്ചുകയറിയ നടന്‍മാര്‍. അഞ്ചുതവണ പത്തനാപുരത്ത് ജയിച്ച ഗണേഷ്‌കുമാറിന് സിനിമാ നടന്‍ എന്നതിനപ്പുറം രാഷ്ട്രീയ പശ്ചാത്തലമുണ്ട്. 2014ല്‍ ചാലക്കുടിയില്‍ ജയിച്ച ഇന്നസെന്റ് 2019ല്‍ പരാജയമറിഞ്ഞു. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ 2016ല്‍ ജയിച്ച മുകേഷ് 2021ലും ജയം ആവര്‍ത്തിച്ചു. ഇത്തവണ കൊല്ലം ലോക്‌സഭാ സീറ്റ് പിടിച്ചെടുക്കാനാണ് സി.പി.എം മുകേഷിനെ രംഗത്തിറക്കിയിരിക്കുന്നത്.
അഭിനയത്തില്‍ സജീവമല്ലാതായതിനുശേഷം ബി.ജെ.പിയില്‍ സജീവമായ സുരേഷ്‌ഗോപി 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃശ്ശൂരില്‍നിന്നാണ് ആദ്യം മത്സരിച്ചത്. പ്രചരണത്തിനിടെ 'തൃശ്ശൂര് ഞാനിങ്ങെടുക്കുവാ' എന്ന അദ്ദേഹത്തിന്റെ സിനിമാ സ്‌റ്റൈല്‍ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുകയാണ് സുരേഷ് ഗോപി.
ഇടതുസഹയാത്രികനായ നടന്‍ മുരളിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ഇടതുപിന്തുണയോടെ മത്സരിച്ച മുരളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എം സുധീരനോട് പരാജയപ്പെടുകയായിരുന്നു.
2016ല്‍ ഗണേഷിനെതിരേ പത്തനാപുരത്ത് മത്സരിച്ച നടന്‍ ജഗദീഷ് തോല്‍വിക്കുപിന്നാലെ അഭിനയരംഗത്തേക്കു മടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടിയും പരാജയപ്പെട്ടു.
നടന്‍മാര്‍ക്കുപുറമെ സംവിധായകരും തിരക്കഥാകൃത്തുക്കളും നിര്‍മാതാക്കളുമായ നിരവധി പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ രാമു കാര്യാട്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. 1965ല്‍ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ ഇടതുപിന്തുണയോടെ ജയിച്ചെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം.എല്‍.എ ആകാനായില്ല.
പനമ്പിള്ളി ഗോവിന്ദമേനോന്റെ നിര്യാണത്തെ തുടര്‍ന്ന് മുകുന്ദപുരത്ത് 1970ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ജനവിധി തേടിയെങ്കിലും 10,000 വോട്ടിനടുത്തേ നേടാനായുള്ളൂ. തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍നിന്ന് മത്സരിച്ചു. എന്നാല്‍ അവിടെയും തോല്‍വിയറിഞ്ഞു.
സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രനും രാഷ്ട്രീയക്കളത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍നിന്ന് മത്സരിച്ച ലെനിന്‍ രാജേന്ദ്രനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കെ.ആര്‍ നാരായണന്‍ ആയിരുന്നു. 1991ലും ലെനിന്‍ രാജേന്ദ്രന്‍ മത്സരിച്ചെങ്കിലും കെ.ആര്‍ നാരായണന് തന്നെയായിരുന്നു ജയം.
സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ് 1994ലെ ഉപതെരഞ്ഞടുപ്പില്‍ ഗുരുവായൂരില്‍നിന്ന് അട്ടിമറി വിജയം നേടി. 96ലും വിജയം ആവര്‍ത്തിച്ചു. വ്യവസായിയും സിനിമാ നിര്‍മാതാവുമായ മഞ്ഞളാംകുഴി അലി കന്നിയങ്കത്തില്‍ തോറ്റെങ്കിലും പിന്നീട് എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാനായി. നിര്‍മാതാവും നടനുമായ മാണി സി. കാപ്പന്‍ 2019 സെപ്റ്റംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ വിജയിച്ചു. 2021ല്‍ മുന്നണിയും പാര്‍ട്ടിയും മാറി യു.ഡി.എഫിലെത്തിയപ്പോഴും വിജയം ആവര്‍ത്തിച്ചു.
സംവിധായകന്‍മാരായ രാജസേനന്‍, അലി അക്ബര്‍, നടന്‍മാരായ ഭീമന്‍ രഘു,കൃഷ്ണകുമാര്‍ എന്നിവര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിച്ചെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."