സ്വര്‍ണക്കടത്തില്‍ പിടിയിലായാല്‍ ഇനി രക്ഷയില്ല; അഴിയെണ്ണും
മലപ്പുറം: സ്വര്‍ണക്കടത്തില്‍ പൊലിസ് പിടിയിലായാല്‍ ഇനി രക്ഷയില്ല. ജയിലിലടക്കും. യാത്രാരേഖകളും പിടിച്ചുവയ്ക്കും. കടത്തുന്നവര്‍ മാത്രമല്ല, ഇടനിലക്കാരെല്ലാം പ്രതിപ്പട്ടികയില്‍ വരും. നിയമവിരുദ്ധമായ ലഹരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്തുന്നതിന് എടുക്കുന്ന വകുപ്പുകളാണ് ഇനി സ്വര്‍ണക്കടത്തിനും ചുമത്തുക.
രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്‍.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്. ഈ രീതിയിലുള്ള ആദ്യ കേസ് കരിപ്പൂരില്‍ കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തു.
വിമാനത്താവളത്തിന് പുറത്തുവച്ച് പൊലിസ് സ്വര്‍ണം പിടിച്ചാല്‍ പുതിയ നിയമം വരുന്നതിന് മുമ്പ് സി.ആര്‍.പി.സി 102 പ്രകാരം കേസെടുക്കാറാണ് ചെയ്യാറുള്ളത്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കുന്ന പൊലിസ് കേസ് തുടരന്വേഷണത്തിന് കസ്റ്റംസിന് കൈമാറുകയാണ് ചെയ്തിരുന്നത്.
പുതിയ നിയമപ്രകാരം പൊലിസ് സ്വര്‍ണക്കടത്ത് പിടിച്ചാല്‍ സെക്ഷന്‍ 111(1)(സംഘടിത കുറ്റകൃത്യം), സെക്ഷന്‍ 111(7) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍, കൊലപാതകം, മയക്കുമരുന്ന്, ആയുധങ്ങള്‍, നിയമവിരുദ്ധമായ ചരക്കുകള്‍ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയിലാണ് സ്വര്‍ണക്കടത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുറഞ്ഞത് അഞ്ചുവര്‍ഷം തടവും 5 ലക്ഷം പിഴയുമാണ് പുതിയ നിയമപ്രകാരം സ്വര്‍ണക്കടത്തിന് ശിക്ഷ. പാസ്‌പോര്‍ട്ട് അടക്കം കണ്ടുകെട്ടുകയും ചെയ്യും. സ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ ചോദ്യംചെയ്യലില്‍ നല്‍കുന്ന മൊഴിപ്രകാരം സ്വര്‍ണം വിദേശത്ത് വച്ച് നല്‍കിയ ആളെയും സ്വീകരിക്കാന്‍ എത്തുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ വിദേശത്താണെങ്കില്‍ നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് പിടിക്കപ്പെടും. ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.
കരിപ്പൂരില്‍ രണ്ടുവര്‍ഷത്തിനിടെ 200 കേസുകള്‍
മലപ്പുറം: കരിപ്പൂരില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പൊലിസ് രജിസ്റ്റര്‍ ചെയ്തത് 200 സ്വര്‍ണക്കടത്ത് കേസുകള്‍. കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുകടന്ന് പൊലിസ് പിടിയിലായ കേസുകളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."