പഴശി ഗുഹയും കോഴിപ്പാറ വെള്ളച്ചാട്ടവും; മണ്‍സൂണ്‍ ആസ്വദിക്കാന്‍ 'മലബാറിന്റെ ഗവി' യിലേക്ക് പോയാലോ..
മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ പ്രദേശമാണ് കക്കാടംപൊയില്‍. തണുത്ത കാലാവസ്ഥ ആസ്വദിക്കാനും നഗരത്തിന്റെ തിരക്കില്‍ നിന്നും ഒന്ന് മാറി നില്‍ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയൊരിടം. സമുദ്രനിരപ്പില്‍ നിന്ന് 2200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിലില്‍ വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥയാണ്.
പഴശ്ശി ഗുഹയും കോഴിപ്പാറ വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങള്‍. മൂടല്‍മഞ്ഞു നിറഞ്ഞ പര്‍വതനിരകളും പച്ചപ്പും കാരണം കക്കാടംപൊയില്‍ മിനി ഗവി എന്നാണ് അറിയപ്പെടുന്നത്.
കാടുകളാല്‍ ചുറ്റപ്പെട്ട, മൂടല്‍മഞ്ഞ് നിറഞ്ഞ മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവ ഹരം പകരുന്നതാണ്.
കോഴിക്കോട് നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തിരുവമ്പാടിയില്‍ നിന്ന് 19 കിലോമീറ്ററും നിലമ്പൂരില്‍ നിന്ന് 24 കിലോമീറ്ററും അകലെയാണ്.
പഴശ്ശിരാജ ഇടത്താവളമാക്കിയെന്ന് കരുതുന്ന പഴശ്ശിഗുഹയും കക്കാടംപൊയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയിലേക്ക് പോകാന്‍ സാധിക്കും. തുഷാര ഗിരി വെള്ളച്ചാട്ടം, മുത്തപ്പന്‍ പുഴ, ആനക്കല്ലുംപാറ വെള്ളച്ചാട്ടം, അരിപ്പാറ വെള്ളച്ചാട്ടം, പതങ്കയം വെള്ളച്ചാട്ടം, കൊടക്കാട്ട്പാറ വെള്ളച്ചാട്ടം, പൊട്ടന്‍പ്പാറ, മറിപ്പുഴ എന്നിവിടങ്ങളിലേക്ക് പോകാന്‍ ഇവിടെ നിന്നും എളുപ്പമാണ്.
കടുത്ത വേനലില്‍ പോലും നല്ല കുളിര്‍മ്മയുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് കുടുംബവുമായി പോകാന്‍ പറ്റിയൊരുയിടമാണ്. മണ്‍സൂണ്‍ കാലത്താണ് കക്കാടംപൊയില്‍ ഏറ്റവും സുന്ദരിയാവുക. എന്നാല്‍, മഴക്കാലത്ത് കക്കാടംപൊയില്‍ വെള്ളച്ചാട്ടം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പോകുന്നത് അല്‍പം അപകടകരമായിരിക്കും.
ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍ - നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനും (25 കി.മീ), കോഴിക്കോട് റെയില്‍വെ സ്റ്റേഷനുമാണ് (45 കി.മീ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."