എ.ഐ സഹായത്തോടെ ഗതാഗത പരിശോധന ദുബൈയില്‍ പരീക്ഷണത്തിന് തുടക്കം
ദുബൈ: നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായത്താലുള്ള ഗതാഗത പരിശോധന ദുബൈയില്‍. പരിശോധനയുടെ പരീക്ഷണ ഘട്ടത്തിലെ പരിശോധനയ്ക്കാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി തുടക്കം കുറിച്ചത്.
എമിറേറ്റിലെ റോഡുകളിലെ വലതു വശത്തെ കേടുപാടുകള്‍ യാന്ത്രികമായി കണ്ടെത്താനുള്ള പ്രക്രിയ നടന്നു വരുന്നു. ട്രാഫിക് വഴിതിരിച്ചുവിടലുകളുടെ പരിശോധനയും ഈ പൈലറ്റ് ഓപറേഷനില്‍ ഉള്‍പ്പെടുന്നുവെന്നും അതോറിറ്റി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് പൊതു ഉപയുക്തതാ വാഹനങ്ങളുടെയും അവയുടെ ഡ്രൈവര്‍മാരുടെയും പ്രകടനം നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും ദുബൈ അധികൃതര്‍ കഴിഞ്ഞ വര്‍ഷം എ.ഐ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.
ടാക്സികള്‍, ലിമോസിനുകള്‍, സ്‌കൂള്‍ ബസുകള്‍, വാണിജ്യ ബസുകള്‍, ഡെലിവറി ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ 7,200 വാഹനങ്ങളും 14,500 ഡ്രൈവര്‍മാരും ഇപ്പോള്‍ സ്മാര്‍ട് സംവിധാനത്തിന്റെ പരിധിയിലാണെന്ന് ആര്‍.ടി.എ വിഭാഗമായ ദുബൈ ടാക്സകോര്‍പറേഷന്‍ (ഡി.ടി.സി) അറിയിച്ചു.
ഡി.ടി.സി കണ്‍ട്രോള്‍ സെന്ററിന്റെ എ.ഐ ശേഷികള്‍ ഉപയോഗിച്ച് പൊതുഗതാഗത ഡിമാന്‍ഡ് എളുപ്പത്തില്‍ മനസിലാക്കാനും ടാക്സികളും പൊതുവാഹനങ്ങളും ആവശ്യമുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ അതോറിറ്റിയെ സഹായിക്കാനും കഴിയുമെന്ന് ഫ്‌ലീറ്റ് ഓപറേഷന്‍സ് ഡയരക്ടര്‍ അമ്മാര്‍ അല്‍ ബറൈകി പറഞ്ഞു.
എ.ഐ സാങ്കേതിക വിദ്യകള്‍
ആഗോള തലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.എസ്) സെന്റര്‍ വഴിയാണ് ആര്‍.ടി.എ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. സിംഗപ്പൂരിനും സിയോളിനും തുല്യമായ നിലയില്‍ ദുബൈയെ വിപുലീകരിക്കാനും ഐ.ടി.എസിലെ ലോകത്തെ മുന്‍നിര നഗരങ്ങളില്‍ ഒന്നാക്കി മാറ്റാനും കേന്ദ്രം നൂതന സാങ്കേതിക വിദ്യകളും ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നു.
ദുബൈയിലെ ട്രാഫിക് നിയന്ത്രിക്കാനുള്ള നിര്‍ണായക കേന്ദ്രമാണ് ദുബൈ ഐ.ടി.എസ് സെന്റര്‍. സ്മാര്‍ട് സേവനങ്ങള്‍ നല്‍കാനും പ്രധാന വിവരങ്ങള്‍ ശേഖരിക്കാനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, നൂതന ആശയ വിനിമയ സംവിധാനങ്ങള്‍, വിവിധ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ളാറ്റ്ഫോം ഇതിനുണ്ട്.
കേന്ദ്രം ദുബൈയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ റോഡ് ശൃംഖലകളുടെ മേല്‍നോട്ടം വഹിക്കുന്നു. കൂടാതെ, തീരുമാനങ്ങള്‍ എടുക്കുന്നതിനെ പിന്തുണക്കാനായി എ.ഐ സാങ്കേതിക വിദ്യകളും ബിഗ് ഡാറ്റാ വിശകലന ടൂളുകളും മെച്ചപ്പെടുത്തിയ 'ഐട്രാഫിക്' എന്ന വിപുലമായ ട്രാഫിക് നിയന്ത്രണ സംവിധാനവും അവതരിപ്പിക്കുന്നു.
റോഡ് അടിസ്ഥാന സൗകര്യവും അപകട പ്രതികരണ സമയവും മെച്ചപ്പെടുത്താനും, ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താനും ക്രാഷ് ഡാറ്റ വിലയിരുത്തുന്നതിന് ദുബൈക്കൊപ്പം അബുദാബിയും എ.ഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു വരുന്നു.
റോഡ് ഉപയോക്താക്കള്‍ക്ക് ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എ.ഐ സംവിധാനങ്ങള്‍ പ്രയോഗിക്കുന്നതില്‍ വിജയിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.
പൊലിസ് പറയുന്നതനുസരിച്ച്, എ.ഐ പോലുള്ള സ്മാര്‍ട് സാങ്കേതിക വിദ്യകളുടെ ഉപയോഗം തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു. വേഗത്തിലുള്ള അടിയന്തിര പ്രതികരണം കാരണം റോഡുകള്‍ സുരക്ഷിതമാണ്.
നാലു വര്‍ഷം മുന്‍പാണ് അബൂദബി പൊലിസ് എ.ഐ ഉപയോഗിച്ച് സേഫ് സിറ്റി പദ്ധതി അവതരിപ്പിച്ചത്.
എല്ലാ പ്രവര്‍ത്തന മേഖലകളിലും ഈ അത്യാധുനിക സാങ്കേതിക വിദ്യകളും റോബോട്ടിക്സ്, എ.ഐ എന്നിവയിലെ ഏറ്റവും പുതിയ വികസനവും പൊലിസ് ഉപയോഗിക്കുന്നു.റോഡിലെ വലതുവശ കേടുപാടുകളുടെ പരിശോധനയും അതിന്റെ പ്രവര്‍ത്തന ക്ഷമതയും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."