പി.എസ്.സി കോഴ വിവാദം; സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലിസിൽ പരാതി നൽകും
കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലിസിൽ പരാതി നൽകും. തനിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകുക. കോഴ വിവാദത്തിൽ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
വിവാദത്തിൽ കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. ബി.ജെ.പിയും ഇന്ന് പ്രതിഷേധ പരിപാടി നടത്തും. കോഴയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കലക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ പത്തിനാണ് മാർച്ച്.
അതേസമയം, പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന് ഏരിയാ കമ്മിറ്റി മുൻ അംഗം പ്രമോദ് കോട്ടൂളിക്കെതിരേ സി.പി.എമ്മിൽ പരാതി നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ ചേവായൂർ സ്വദേശി ശ്രീജിത്ത് പറഞ്ഞു. പ്രമോദുമായി യാതൊരുവിധ പണമിടപാടും നടത്തിയിട്ടില്ല. വീടിനു മുന്നിൽ സമരം നടത്തിയതിൽ പരാതിയില്ലെന്നും പ്രമോദ് സുഹൃത്താണെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ഇതിനിടെ, വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളിയെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം തുടങ്ങി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കും വിധത്തിലുള്ള അഴിമതി ആരോപണമായതിനാൽ നിയമപോരാട്ടം നടത്താൻ പ്രമോദ് തീരുമാനിച്ചതിനു പിന്നാലെയാണ് അനുരഞ്ജനത്തിന് നീക്കം നടക്കുന്നത്.
കോഴ വിവാദത്തിൽ പാർട്ടിക്ക് ആരുംപരാതി നൽകിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദിനെ പുറത്താക്കിയത് എന്തടിസ്ഥാനത്തിലാണെന്നത് ഇപ്പോഴും ചോദ്യമായി നിലനിൽക്കുകയാണ്. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ എന്തു പ്രവർത്തനങ്ങളാണ് പ്രമോദ് നടത്തിയതെന്നാണ് പ്രവർത്തകർക്കിടയിൽ നിന്നുയരുന്ന ചോദ്യം. പുറത്താക്കലിന്റെ കാരണം വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ നേതൃത്വം വിശദീകരിക്കാനാണ് സാധ്യത.
പാർട്ടിക്കു ശ്രീജിത്താണ് പരാതി നൽകിയതെന്നാണ് പ്രമോദ് പറയുന്നത്. അതിനാലാണ് വീടിന് മുന്നിൽ സമരം നടത്തിയത്.
പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണ് പ്രമോദിന് ഈ വിവരം ലഭിച്ചത്. അടുത്ത ദിവസം നിയമനടപടി സ്വീകരിക്കാനിരിക്കെയാണ് ശ്രീജിത്ത് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. പ്രമോദ് പൊലിസിൽ പരാതി നൽകിയാൽ തുടർനടപടിയുടെ ഭാഗമായി ശ്രീജിത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."