ജോയിയുടെ അമ്മക്ക് 10 ലക്ഷം രൂപ ധനസഹായം; വീട് വച്ചു നല്‍കുമെന്ന് മേയര്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജോയിയുടെ അമ്മയ്ക്ക് വീടുവച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തുമെന്നും മേയര്‍ വ്യക്തമാക്കി.
മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നാണ് മൃതദേഹം കിട്ടുന്നത്.
റെയില്‍വേ സ്റ്റേഷന് അടിയിലൂടെ വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു മൃതദേഹം. ബൈക്ക് യാത്രികരായ യുവാവും കുട്ടിയുമാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ മൃതദേഹം ആദ്യം കണ്ടത്. മാലിന്യം നീക്കാനായി ആമയിഴഞ്ചാന്‍ തോട്ടില്‍ ഇറങ്ങിയ ജോയി ഒഴുക്കില്‍പെട്ടതാവാമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."