മഴ ഇന്നും തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് മഴ കൂടുതല്‍ ശക്തമാവുകയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.മണിക്കൂറില്‍ 40 കിലോ മീറ്റര്‍ പരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതചുഴിയും വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേസമുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ കോളജുകള്‍ക്ക് ഉള്‍പ്പെടെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും, ചിന്നക്കനാല്‍ പഞ്ചായത്തിലും ഇന്ന് അവധിയാണ്. കാസര്‍കോട് , കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
മൂന്നു ദിവസമായി പെയ്ത അതിതീവ്ര മഴയില്‍ വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴയിലും കാറ്റിലും ഇതുവരെ 35 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. 25 ഏക്കര്‍ കൃഷി ഭൂമിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മൂന്ന് താലൂക്കുകളിലെ 42 ദുരിതാശ്വാസ ക്യമ്പുകളിലായി 682 കുടുംബങ്ങളിലെ 2,280 പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ദേശീയപാത 766 ല്‍ മുത്തങ്ങ പൊന്‍കുഴി ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനാല്‍ ഇന്നലെ രാത്രി നൂറോളം യാത്രക്കാര്‍ മണിക്കൂറുകളോളം വനപാതയില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കം കെ.എസ്.ആര്‍.ടി.സി ബസുകളിലെയും കാറുകളിലെയും നൂറിലധികം യാത്രക്കാരാണ് റോഡില്‍ കുടുങ്ങിയത്.
ഇടുക്കിയില്‍ മഴക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും നാശനഷ്ടങ്ങളുണ്ടായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 26 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വ്യാപക കൃഷിനാശവുമുണ്ടായി. മൂന്നാറിലും ഉടുമ്പന്‍ചോലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
മരമൊടിഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ മുന്നറിയിപ്പുകള്‍ പിന്‍വലിക്കും വരെ ജില്ലയിലെ രാത്രിയാത്രക്കും മൂന്നാര്‍ ഗ്യാപ് റോഡിലൂടെയുള്ള യാത്രക്കും നിരോധനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."