നിലവിലെ സംവിധാനത്തില്‍ വിശ്വാസമില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ കുടുംബം; ലോറിയുടമയെ പൊലിസ് മര്‍ദ്ദിച്ചുവെന്ന് ആരോപണം
കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അതൃപ്തി പ്രകടിപ്പിച്ചു കുടുംബം. കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അര്‍ജുനെ ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.
തെരച്ചില്‍ കാര്യക്ഷമമാക്കണം. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ ഇറക്കണം അല്ലെങ്കില്‍ കേരളത്തിലെ സന്നദ്ധപ്രവര്‍ത്തകരെ അതിനനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കും മുഖ്യമന്ത്രിക്കും ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇതിനിടെ അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമകളില്‍ ഒരാളെ കര്‍ണാടക എസ്.പി മര്‍ദ്ദിച്ചതായും കുടുംബം ആരോപിച്ചു.
അഞ്ച് ദിവസം കഴിഞ്ഞിട്ടും എന്താണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്.? അന്ന് തന്നെ മിസിംഗ് കേസ് ലോറി ഉടമ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ കര്‍ണാടക പൊലീസ് പറയുന്നത്. അനാസ്ഥ പുറത്തറിയുന്നതിലുളള ബുദ്ധിമുട്ടാണ് അധികൃതര്‍ കാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ രക്ഷാദൗത്യത്തിന് വളരെ കുറച്ച് ആളുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് അര്‍ജുന്റെ സഹോദരിയും പറഞ്ഞു.
നാവികസേന, എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, ഫയര്‍ ഫോഴ്സ്, പൊലിസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അര്ജുന് മണ്ണിനടിയില്‍പ്പെട്ട് അഞ്ചാം ദിവസത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എന്നാല്‍ പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും തെരച്ചില്‍ അല്പസമയം തുടര്‍ന്നിരുന്നു. എന്നാല്‍ മഴ അതിശക്തമായതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു.
16ന് രാവിലെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്ജുന് സഞ്ചരിച്ചിരുന്ന ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്നാണ് നിഗമനം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി.
അടിയന്തര ഇടപെടല്‍ നടത്താന്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നിര്‍ദേശം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുമയച്ചു. മോട്ടോര്‍വാഹന വകുപ്പിലെ മൂന്നംഗ സംഘം കര്‍ണാടകയിലെത്തി. അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഫോണില്‍ വിളിച്ചു.
തിരച്ചിലിനായി ഇന്നലെ ഉച്ചയോടെ നേവിയുടെ സംഘം എത്തി. മുങ്ങല്‍ വിദഗ്ധരടക്കം നാവിക സേനയുടെ എട്ടംഗസംഘമാണെത്തിയത്. ലോറി പുഴയിലേക്ക് ഒഴുകിയെന്ന നിഗമനത്തില്‍ പ്രതികൂല കാലാവസ്ഥയിലും ഗംഗാവലിപ്പുഴയിലിറങ്ങി തിരച്ചില്‍ നടത്തി. എന്നാല്‍ ലോറി കണ്ടെത്തിയില്ല. ലോറിയില്‍ 40ടണ്‍ മരമുള്ളതിനാല് പുഴയില്‍ ഒഴുകിപ്പോകാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ലോറിയുടെ എന്ജിന് വ്യാഴാഴ്ച്ച രാത്രിയും പ്രവര്‍ത്തിച്ചുവെന്ന് ഭാരത് ബെന്‍സ് അധികൃതരും പറഞ്ഞു. ജി.പി.എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. രണ്ടു വാഹനങ്ങള്‍ മാത്രമേ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."