യു.എസ് ഓപണ്‍: ദ്യോക്കോവിച്, നദാല്‍ രണ്ടാം റൗണ്ടില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങളായ നൊവാക് ദ്യോക്കോവിചും റാഫേല്‍ നദാലും രണ്ടാം റൗണ്ടില്‍ കടന്നു. ദ്യോക്കോവിച് പോളണ്ടിന്റെ ജെര്‍സി ജാനോവിച്ചിനെ പരാജയപ്പെടുത്തിയപ്പോള്‍ നദാല്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നീസ് ഇസ്‌തോമിനെയാണ് വീഴ്ത്തിയത്.
ഒന്നാം നമ്പര്‍ താരത്തിന്റെ മികവുമായിറങ്ങിയ ദ്യോക്കോവിചിനെ വിറപ്പിച്ച ശേഷമാണ് ജാനോവിച് കീഴടങ്ങിയത്. സ്‌കോര്‍ 6-3, 5-7, 6-2, 6-1. നേരത്തെ വിംബിള്‍ഡണിലും റിയോ ഒളിംപിക്‌സിലും മോശം പ്രകടനം കാഴ്ച്ചവച്ച ദ്യോക്കോവിച് സമ്മര്‍ദത്തോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ദ്യോക്കോവിചിനെ രണ്ടാം സെറ്റ് നേടിക്കൊണ്ട് ഞെട്ടിക്കാന്‍ ജാനോവിച്ചിന് സാധിച്ചു. പിന്നീടുള്ള രണ്ടു സെറ്റുകളില്‍ മികവോടെ പൊരുതിയ ദ്യോക്കോവിച് മത്സരം സ്വന്തമാക്കുകയായിരുന്നു. വേഗമേറിയ നീക്കങ്ങള്‍ കൊണ്ടാണ് താരം ജയിച്ചു കയറിയത്. അതേസമയം കൈക്കുഴയ്‌ക്കേറ്റ പരുക്ക് മത്സരത്തിലുടനീളം താരത്തിന് തലവേദന സൃഷ്ടിച്ചു. ദ്യോക്കോവിചിന്റെ സെര്‍വുകളെ അനായാസത്തോടെ നേരിടാന്‍ എതിരാളിക്ക് സാധിച്ചു. രണ്ടാം റൗണ്ടില്‍ ചെക്കിന്റെ ജിറി വെസ്ലിയാണ് ദ്യോക്കോയ്ക്ക് എതിരാളി.
ഇസ്‌തോമിനെതിരേ അനായാസമായിരുന്നു നദാലിന്റെ ജയം.സ്‌കോര്‍ 6-1, 6-4, 6-2. മൂന്നു സെറ്റുകളില്‍ നദാലിന് വെല്ലുവിളിയുയര്‍ത്താന്‍ ഉസ്‌ബെക്ക് താരത്തിന് സാധിച്ചില്ല. നേരത്തെ ഫ്രഞ്ച് ഓപണിലും വിംബിള്‍ഡണിലും പരുക്ക് മൂലം കളിക്കാന്‍ സാധിക്കാതിരുന്ന നദാല്‍ റിയോ ഒളിംപിക്‌സിന്റെ ഡബിള്‍സില്‍ സ്വര്‍ണം നേടി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ താരം ആന്ദ്രിയാസ് സെപ്പിയാണ് നദാലിന് എതിരാളി. മറ്റു മത്സരങ്ങളില്‍ മരിയന്‍ സിലിച്ച്, ജോണ്‍ ഇസ്‌നര്‍, സോംഗ, റാവോനിക് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
വനിതാ വിഭാഗത്തില്‍ ആഞ്ചലിക്വെ കെര്‍ബര്‍, ഗാര്‍ബിന്‍ മുഗുരുസ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. സ്ലോവേനിയന്‍ താരം പോളോന ഹെര്‍ക്കോഗ് കടുത്ത ചൂടിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നാണ് കെര്‍ബര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.
സ്‌കോര്‍ 6-0, 1-0. ആദ്യ സെറ്റ് അതിവേഗം സ്വന്തമാക്കിയ കെര്‍ബര്‍ രണ്ടാം സെറ്റില്‍ ഒരു പോയിന്റിനു മുന്നില്‍ നില്‍ക്കെയാണ് ഹെര്‍ക്കോഗ് പിന്‍മാറിയത്. ക്രൊയേഷ്യയുടെ മിര്‍ജാന ലൂസിക്ക് ബാറോനിയാണ് കെര്‍ബര്‍ക്ക് രണ്ടാം റൗണ്ടില്‍ എതിരാളി.
മുഗുരുസ ബെല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 2-6, 6-0, 6-3. ആദ്യ സെറ്റ് മുഗുരസയെ ഞെട്ടിച്ചു കൊണ്ട് ബെല്‍ജിയം താരം സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളില്‍ മികച്ച കളി പുറത്തെടുത്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു മുഗുരുസ. ലാത്വിയയുടെ അനസ്താസിജ സെവാസ്‌തോവയാണ് രണ്ടാം റൗണ്ടില്‍ എതിരാളി. മറ്റു മത്സരങ്ങളില്‍ പെട്രോ ക്വിറ്റോവ, കരോലിന്‍ വോസ്‌നിയാക്കി എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.
സാകേത് മൈനേനി
പൊരുതി വീണു
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ യോഗ്യത നേടി പ്രതീക്ഷയോടെയെത്തിയ സാകേത് മൈനേിക്ക് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി.
ജിറി വെസ്ലിയോട് താരം പൊരുതി കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ 6-7, 6-4, 6-2, 2-6, 5-7. മത്സരത്തില്‍ താരം ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അവസാന നിമിഷം കാലിലെ പരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."