ദുബൈ മെട്രോസ്റ്റേഷൻ ഇനി ജോലിസ്ഥലം
ദുബൈ: ഓഫിസിനായി സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ദുബൈയിലെ മെട്രോസ്റ്റേഷൻ നിങ്ങളുടെ ജോലിസ്ഥമാക്കി മാറ്റാം. ബുർജുമാൻ മെട്രോ സ്റ്റേഷനിലാണ് പുതുമയുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി വരെ ഇവിടെ സുഖമായിരുന്ന് ഇരുന്ന് ജോലി പൂർത്തിയാക്കാം. പരിധിയില്ലാത്ത ഇന്റർനെറ്റ് സൗകര്യത്തോടൊപ്പം നല്ല ഒന്നാന്തരം ചായയും കാപ്പിയും സൗജന്യമായി ലഭിക്കുകയും ചെയ്യും. 4000 ചതുരശ്ര അടിയിലാണ് ബുർജ്‌മാൻ മെട്രോ സ്റ്റേഷനിൽ വർക്ക് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഓഫിസ് സ്ഥലം മാത്രമല്ല. ചെറു മീറ്റിങ്ങുകൾ കൂടാനുള്ള സൗകര്യവും ലഭ്യമാണ്. മണിക്കൂറിന് 60 ദിർഹം മാത്രമാണ് ഇതിന് ചെലവ്. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി കൈകോർത്ത് പ്രമുഖ ബിസിനസ് ഇൻകുബേറ്ററായ കോ സ്പേസസ് ആണ് വേറിട്ട ഈ ആശയത്തിന് പിന്നിൽ.
താങ്ങാവുന്ന ചെലവിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സംരംഭകർക്ക് മികച്ച ബിസിനസ് അന്തരീക്ഷം മെട്രോ സ്‌റ്റേഷനുകളിൽ സൃഷ്ടിക്കുകയെന്ന ആശയത്തിൽ നിന്നാണ് ഇത്തരമൊരു പുതു പദ്ധതിക്ക് കോ-സ്പേസസ് തുടക്കമിട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഗതാഗതത്തിരക്ക് കുത്തനെ കൂടുകയും അതു വഴി കാർബൺ പുറന്തൽ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരിസ്ഥിതി അനുകൂലമായ ഈ പദ്ധതി യുവാക്കൾ ഉൾപ്പെടെയുള്ള യുവ സംരംഭകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്ലാണ്. പദ്ധതി വഴി ജോലിക്ക് ഇടം ലഭിക്കണമെങ്കിൽ ആദ്യം കോ-സ്പേസസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബുർജുമാൻ മെട്രോ സ്റ്റേഷനിൽ ആരംഭിച്ച പദ്ധതി വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോ-സ്പേസസിൻ്റെ തീരുമാനം.
ദുബൈയിലെ മൊബിലിറ്റി ഹോട്ട്സ്പോട്ടുകളിലുടനീളം പദ്ധതി വിപുലീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോ സ്പേസസ് സ്ഥാപകൻ ഷഹ്‌സാദ് ഭാട്ടി പറഞ്ഞു. ജീവിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ദുബൈ അർബൻ പ്ലാൻ 2040 പദ്ധതിയോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ സംരംഭം. സുസ്ഥിരവും സാമ്പത്തികവുമായ അഭിവൃദ്ധി കൈവരിക്കാനായി ആർ.ടി.എയും സ്വകാര്യ മേഖലകളും തമ്മിലുള്ള മികച്ച സഹകരണമാണ് പുതിയ പദ്ധതിയിലൂടെ അവതരിപ്പിക്കുന്നതെന്ന് ആർ.ടി. എയുടെ കോമേഴ്സ്യൽ ആൻഡ് - ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് ഗവേണൻസ് സെക്ടർ ഡയറക്ടർ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. സ്വകാര്യ വാഹനങ്ങളുടെ ആശ്രയിമില്ലാതെ മെട്രോ ഉൾപ്പെടെയുള്ള പൊതുഗ താഗത സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി വർക്ക് സ്പേസ് കണ്ടെത്താൻ സംരംഭകർക്ക് എളുപ്പത്തിൽ കഴിയുമെന്നതാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Dubai Metro Station is now a workplace
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."