വീടുകളിലേക്ക് കാര്‍പെറ്റുകള്‍, റഗ്ഗ് എന്നിവ വാങ്ങുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
നമ്മുടെ വീടുകളിലെ ഫ്‌ളോറിനു ഭംഗികൂട്ടാന്‍ നമ്മള്‍ കാര്‍പെറ്റുകള്‍ ഇടാറുണ്ട്. ഇത് വീടിനു ഭംഗിയും വൃത്തിയും നല്‍കുന്നു. നല്ല കാര്‍പറ്റ് ഒരു മുറിയുടെ ടോണ്‍ പൂര്‍ണമായും മാറ്റുന്നതായിരിക്കും. മങ്ങിയ മുറിയാണെങ്കില്‍ അത് തെളിച്ചമുള്ളതാക്കാനും കഴിയും. കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭംഗി മാത്രമല്ല അവ നിങ്ങളുടെ റൂമിനു ചേരുന്നതാണോ എന്നു കൂടി ശ്രദ്ധിക്കുക.
കമ്പിളി സില്‍ക്ക് വെല്‍വറ്റ്, കോട്ടണ്‍, ചണ തുടങ്ങി നിരവധി മെറ്റീരിയലുകളുടെ കാര്‍പറ്റുകളുണ്ട്. അതിനനുസരിച്ച് വിലയും കൂടുന്നതാണ്.
വീടിന്റെ കളറും തീമുമെല്ലാം ശ്രദ്ധിച്ചുവേണം കാര്‍പറ്റ് വാങ്ങുവാന്‍. വെളിച്ചമുളള സ്ഥലങ്ങളാണെങ്കില്‍ അവിടെ ഡാര്‍ക്ക് നിറത്തിലുള്ള കാര്‍പറ്റ് ഭംഗിനല്‍കും.
കൃത്രിമഗന്ധങ്ങള്‍ ഉപയോഗിക്കുന്ന കാര്‍പെറ്റുകള്‍ ഒഴിവാക്കി പ്രകൃതിദത്തമായ കമ്പിളി, ഒര്‍ഗാനിക് എന്നിവ നോക്കി വാങ്ങുക. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല കാര്‍പെറ്റുകള്‍ എന്നു പറയാറുണ്ട്. എന്നാല്‍ റഗ്‌സ് ഈര്‍പ്പം പിടിക്കാത്തതും കഴുകി വൃത്തിയാക്കാവുന്നതുമാണ്. ഇവ പലനിറങ്ങളിലും ഡിസൈനുകളിലും ലഭിക്കുന്നതാണ്.
റഗ്ഗുകള്‍ എല്ലാ വലുപ്പത്തിലും എല്ലാ ആകൃതിയിലും വ്യത്യസ്ത നിറങ്ങളിലും ഡിസൈന്‍ പാറ്റേണുകളിലുമെല്ലാം വരുന്നുണ്ട്. ഇവ പല വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയുമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഡിസൈനിനേക്കാള്‍ മെറ്റീരിയല്‍ ആണ്. അത് വീടിന്റെ ആവശ്യത്തിന് യോജിക്കുന്നതാണോ എന്നതാണ്.
കമ്പിളി
ഏറ്റവും മൃദുവായി വരുന്ന പരവതാനികളാണ് കമ്പിളി പരവതാനികള്‍. അവ പരമ്പരാഗതമായി നൈയ്തതും കൈകൊണ്ട് നിര്‍മിക്കുന്നതുമായതിനാല്‍ ഇതിനു വിലയും കൂടുതലാണ്. കൃത്യമായി കൊണ്ടു നടന്നാല്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും.
സ്വീകരണമുറികളിലും കിടപ്പുമുറികളിലുമൊക്കെ ഇടുന്നത് അനുയോജ്യമാണ്. ചവിട്ടാന്‍ നല്ല സോഫ്റ്റുമായിരിക്കും.
മാത്രമല്ല ദീര്‍ഘകാലം നിലനില്‍ക്കുകയും ദൃഢതയും ഭംഗിയുമുളളതയാരിക്കും ഇവ.
പട്ട്
ലോകത്തിലെ ഏറ്റവും ചെലവേറിയ പരവതാനികളില്‍ ഒന്നാണ് സില്‍ക് പരവതാനികള്‍. ഇവ കനം കുറഞ്ഞതും നല്ല സോഫ്റ്റുമാണ്. സില്‍ക്ക് പരവതാനികള്‍ക്ക് വില കൂടുതലുമാണ്. ഇവ ശ്രദ്ധാപൂര്‍വമേ ക്ലീന്‍ ചെയ്യാവൂ. ഡ്രോയിങ് റൂമുകളിലും കിടപ്പറകളിലുമൊക്കെ ഇതുപയോഗിക്കുന്നു.
പരുത്തി
കോട്ടണ്‍ പരവതാനികളാണ് ഭൂരിഭാഗം ആളുകളും വാങ്ങിഉപയോഗിക്കുന്നത്. കാരണം ഇത് നെയ്‌തെടുക്കാനും പോക്കറ്റ് കാലിയാവാതെയുമിരിക്കുമെന്നതിനാലും നമുക്ക് ഇഷ്ടത്തിനനുസരിച്ച് മാറ്റാനുമാവും.
ഇവ ഭംഗിയുള്ളതും മികച്ചതുമാണ്. ഇഷ്ടംപോലെ പാറ്റേണുകള്‍ ഇതില്‍ ലഭ്യമാണ്. കളര്‍ മങ്ങിപ്പോവാന്‍ സാധ്യതയുള്ളതാണ് കോട്ടണ്‍ റഗ്ഗുകള്‍.
ചണം
ഒര്‍ഗാനിക് പരവതാനി, അഥവാ പ്രകൃതിദത്ത നാരുകള്‍ കൊണ്ട് നിര്‍മിച്ചവ. ഇവ വളരെയധികം ഭംഗിയുള്ളതും വലിയ വിസ്തീര്‍ണമുള്ളവയുമായിരിക്കും. വളരെ മൃദുവായതിനാല്‍ അഴുക്കും കറകളും പെട്ടെന്നു പിടിക്കാന്‍ സാധ്യതയുണ്ട്.
സിന്തറ്റിക്
നൈലോണ്‍, വിസ്‌കോസ്, പോളിസ്റ്റര്‍ ഇവയില്‍നിന്നാണ് നിര്‍മിച്ചിരിക്കുന്നത്. മെഷിനില്‍ നെയ്‌തെടുക്കുന്ന ഈ പരവതാനികള്‍ വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും ലഭിക്കുന്നതാണ്. ഇതിന് വിലയും വളരെ കുറവായിരിക്കും. ഇടനാഴികളിലും ഫാമിലി റൂമുകളിലുമൊക്കെ നമുക്കിതുപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."