ഹജ്ജ് ഒരുക്കങ്ങള്‍ മക്ക ഗവര്‍ണര്‍ വിലയിരുത്തി
ജിദ്ദ: വിശുദ്ധ ഹജ്ജിനും തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന ഒരു കാര്യവും ചെയ്യാന്‍ ഹജ്ജ് വേളയില്‍ ആരെയും അനുവദിക്കുകയില്ലെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്ക, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ നടക്കുന്ന ഹജ്ജ് ഒരുക്കങ്ങള്‍ ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശിച്ചു. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. നിയമലംഘകരായ തീര്‍ഥാടകരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അറഫയില്‍ ഏഴുലക്ഷം തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭ്യമാക്കും. എട്ട് ആശുപത്രികളും 128 മെഡിക്കല്‍ സെന്ററുകളും ആരോഗ്യ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്.
മശാഇര്‍ മെട്രോ വഴി 3,11,000 തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തെത്തിയ്ക്കും. പതിനാറായിരം ബസുകളില്‍ 13 ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ക്കും യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയ പുതിയ പദ്ധതികളും മശാഇര്‍ മെട്രോയും അദ്ദേഹം സന്ദര്‍ശിച്ചു.
എയര്‍പ്പോര്‍ട്ടുകളില്‍ നിന്ന് ഈ വര്‍ഷം തീര്‍ഥാടകരെ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മണിക്കൂര്‍ നേരത്തേ താമസ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് വേളയിലെ സേവനത്തിന് ആരോഗ്യവകുപ്പിന് കീഴില്‍ 177 ആംബുലന്‍സുകളുണ്ടാവും.
ഇതില്‍ 120 എണ്ണം മുഅയ്‌സിമിലെ അടിയന്തര കോംപ്ലക്‌സിലാണ്. ആവശ്യമായ ചികിത്സ സജ്ജീകരണങ്ങളോട് കൂടിയ 57 ആംബുലന്‍സുകള്‍ പുണ്യസ്ഥലങ്ങളുടെ വിവിധ ഭാഗങ്ങളിലെ സേവനത്തിനാണ് ഒരുക്കിയിരിക്കുന്നത്. അറഫ ജനറല്‍ ആശുപത്രി, വാദീ മിന ആശുപത്രി എന്നിവിടങ്ങളിലാണ് മരുന്നുകളും മറ്റ് ആവശ്യമായ വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ സജ്ജീകരിച്ചിരിക്കുന്നത്.
മരുന്നുകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്നതിന് ശീതീകരണ സംവിധാനമുള്ള നിരവധി വാഹനങ്ങളുമുണ്ട്. ചികിത്സ സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സുകള്‍ ജംറകള്‍, അഭയകേന്ദ്രങ്ങള്‍, അറഫ എന്നിവിടങ്ങളിലുണ്ടാവും. സൂര്യാതാപമേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക സംവിധാനമുണ്ട്. ചൂട് കുറയ്ക്കാന്‍ കഴിയുന്ന സ്‌പ്രേ സംവിധാനത്തോട് കൂടിയ ഫാനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."