പാരിസിലേത് അവസാന ടൂര്‍ണമെന്റ്: ആന്‍ഡി മുറേ
ലണ്ടന്‍: പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന് രണ്ടു തവണ ഒളിംപിക് ചാംപ്യനായ ബ്രിട്ടന്റെ ടെന്നിസ് താരം ആന്‍ഡി മുറെ. ഇന്നലെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ അഞ്ചാം ഒളിംപിക്സിനിറങ്ങുന്ന മുറെ ഇത്തവണ സിംഗിള്‍സിലും ഡബിള്‍സിലും മത്സരിക്കുന്നുണ്ട്. ഈ രണ്ട് വിഭാഗത്തിലും മെഡല്‍ നേടി വിരമിക്കാനാണ് താരം ലക്ഷ്യമിടുന്നത്.
മുമ്പ് 2012ല്‍ ലണ്ടനിലും 2016ല്‍ റിയോ ഡി ജനീറോയിലും ചാംപ്യനായ മുറെ പരുക്കിലെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്സില്‍നിന്ന് വിട്ടുമാറിയിരുന്നു. 2012ലെ മിക്സഡ് ഡബിള്‍സില്‍ ലൗറാ റോബ്സനോടൊപ്പം വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്ക് ഉടമ കൂടിയാണ് ഈ 37കാരന്. 2013ലും 2016ലും വിംബിള്‍ഡന്‍ കിരീടം ചൂടിയ മുറെ, 2012ലെ യു.എസ് ഓപണിലും ഒന്നാമതെത്തി.
എന്റെ അവസാന ടൂര്‍ണമെന്റിനായാണ് പാരിസില്‍ എത്തിയത്. കരിയറിലെ അവസാന മത്സരം സ്വന്തം രാജ്യത്തിനു വേണ്ടിയായതില്‍ എനിക്ക് അഭിമാനമുണ്ട്- താരം എക്സില്‍ കുറിച്ചു.
2008ല്‍ ബെയ്ജിങ്ങിലാണ് താരത്തിന്റെ ഒളിംപിക്സ് അരങ്ങേറ്റം. ആദ്യ റൗണ്ടില്‍ തന്നെ ചൈനയുടെ ലു യെന്നിനോട് തോറ്റ് നിരാശയോടെ മടങ്ങി. നാലു വര്‍ഷത്തിനു ശേഷം വിംബിള്‍ഡന്‍ ഫൈനലില്‍ തന്നെ തോല്‍പ്പിച്ച റോജര്‍ ഫെഡററെ ഒളിംപിക്സ് ഫൈനലില്‍ വീഴ്ത്തി പ്രതികാരം വീട്ടി.
ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി ആദ്യ ഒളിംപിക്സ് സ്വര്‍ണം കഴുത്തിലണിഞ്ഞു. അടുത്ത തവണ റിയോ ഡി ജനീറോയിയിലും ഒന്നാമതെത്തിയ മുറെ, ഒളിംപിക്സ് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ താരമായി. ഇവിടെ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെയാണ് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."