വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ബേക്കല്‍: നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. കാറോടിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര് വിദ്യാസാഗറാ (52)ണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ ജില്ലാ പൊലിസ് ചീഫ് ഓഫിസിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തതായി ബേക്കല്‍ സി.ഐ വിശ്വംഭരന് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മലാംകുന്ന് ഗവ. സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയും ബേക്കല്‍ തമ്പുരാന് വളപ്പിലെ പ്രഭാകരന്റെ മകനുമായ പ്രശാന്താണ്(16) കാറിടിച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തെ തുടര്‍ന്ന് വിദ്യാസാഗറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കെ.എസ്.ടി.പി പാതയില്‍ നിരന്തരം ഉണ്ടാകുന്ന അപകടം ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പാത ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."