ഡോ. ആഫിയ സിദ്ദീഖിയുടെ മോചനത്തിനായി വീണ്ടും നീക്കം സജീവം
ന്യൂയോര്‍ക്ക്: യു.എസ് സൈനികരെയും എഫ്.ബി.ഐ ഉദ്യോഗസ്ഥരെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് ജയിലില്‍ കഴിയുന്ന പ്രമുഖ പാക് ന്യൂറോ ശാസ്ത്രജ്ഞ ഡോ. ആഫിയ സിദ്ദീഖിയുടെ മോചനത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവം. 20 വര്‍ഷത്തിന് ശേഷം ആഫിയയെ സഹോദരി ഡോ. ഫൗസിയ സിദ്ദീഖി ജയിലിലെത്തി കണ്ടതോടെയാണ് യു.എസ്സിലെ അഭിഭാഷകനുമൊത്ത് മോചനത്തിനുള്ള നീക്കം സജീവമാക്കിയത്.
യു.എസ് കസ്റ്റഡിയില്‍വച്ച് ക്രൂരമായി പീഡനത്തിനിരയായതിന്റെയും അവരുടെ നിരപരാധിത്വവും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞദിവസങ്ങളില്‍ ഡോ. ഫൗസിയ സിദ്ദീഖിക്കൊപ്പം പ്രവര്‍ത്തിച്ചുവരികയാണെന്ന് അഭിഭാഷകന്‍ ക്ലൈവ് സ്റ്റഫോര്‍ഡ് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. ആഫിയയെ കാണാതായ അഞ്ചുവര്‍ഷത്തിന്റെ ഒരു പ്രധാന ഭാഗം (2003 08) അഫ്ഗാനിലെ ബഗ്രാമില്‍ ഉള്ള രഹസ്യതടവുകേന്ദ്രത്തില്‍ അടച്ചുവെന്നതിന് നിരവധി സാക്ഷികള്‍ ഉണ്ട്.
2008 ജൂലായ് 17ന് മകള്‍ മറിയത്തെ തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആഫിയയെ ഗസ്‌നിയിലേക്ക് അയക്കുകയായിരുന്നു. ആഫിയ ചാവേര്‍ ബോംബര്‍ ആണെന്ന് പൊലിസില്‍ വിളിച്ചറിയിച്ചതുമെല്ലാം വഞ്ചനയാണെന്നും ഞങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയും അഭിഭാഷകന്‍ പറഞ്ഞു.
ലോകം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സജീവമായി സംസാരിക്കുന്നുവെന്നും എന്നാല്‍ ആഫിയയുടെ കാര്യത്തില്‍ മൗനംപാലിക്കുകയാണെന്നും ഡോ. ഫൗസിയ പറഞ്ഞു. വിഷയത്തില്‍ മാറിമാറി വരുന്ന ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും നിരാശരാക്കി. നട്ടെല്ലില്ലാത്ത നമ്മുടെ രാഷ്ട്രീയക്കാര്‍ ആഫിയക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷയില്ല. എങ്കിലും കോടതിയില്‍ എനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ നിയമസഭ ആഫിയക്ക് വേണ്ടി പ്രമേയം പാസ്സാക്കിയിരുന്നു.
യു.എസ് അധിനിവേശ സമയത്ത് 2008ല്‍ അഫ്ഗാന്‍ പൊലിസാണ് ആഫിയയെ പിടികൂടിയത്. പിന്നീട് യു.എസ് തടവില്‍ വര്‍ഷങ്ങളോളം ക്രൂരമായ പീഡനത്തിനാണ് മൂന്ന് കുട്ടികളുടെ മാതാവായ ആഫിയ വിധേയയാത്. ഭീകരാക്രമണത്തിനായി ശേഖരിച്ച രാസവസ്തുക്കള്‍ കണ്ടെടുത്തു, ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു, ചോദ്യംചെയ്യലിനിടെ യു.എസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ആഫിയക്കെതിരേയുള്ളത്. ആരോപണങ്ങളെല്ലാം ആഫിയ നിഷേധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 ആക്രമണ കേസിലെ പ്രതി ഖാലിദ് ശൈഖ് മുഹമ്മദിന്റെ ബന്ധുവായ ഇവരെ വിവിധ കേസുകളില്‍ കുടുക്കി യു.എസിലെ മാന്‍ഹാട്ടന്‍ ജില്ലാ കോടതി ശിക്ഷിച്ചിട്ടുണ്ട്.
ഖാലിദ് ശൈഖ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം ആഫിയയെയും കുട്ടികളെയും ദുരൂഹമായ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പിന്നീടാണ് യു.എസ് തടവറയിലാണെന്ന് വ്യക്തമായത്. രണ്ട് മക്കളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെങ്കിലും ഒരു മകന് ഇപ്പോഴും എവിടെയെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."