മറയില്ലാതെ വിഷംചീറ്റല്‍ തുടര്‍ന്ന് പി.സി ജോര്‍ജ്; മാഹിക്കെതിരേയുള്ള വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ സത്യഭാമയേയും വെളുപ്പിക്കല്‍
കണ്ണൂര്‍: നാവെടുത്താല്‍ വെറുപ്പും വിദ്വേഷവും മാത്രം വിളമ്പുന്ന ബി.ജെ.പി നേതാവ് പി.സി ജോര്‍ജ് ഒടുവില്‍ കലാമണ്ഡലം സത്യഭാമയ്ക്കും രക്ഷകന്‍. നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരേയുള്ള വര്‍ണവെറി പരാമര്‍ശം വന്‍ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ്, സത്യഭാമ പറഞ്ഞതില്‍ സത്യമുണ്ടെന്ന ന്യായവുമായി പി.സി ജോര്‍ജ് എത്തിയത്. 'എനിക്ക് സത്യഭാമയോട് വൈരാഗ്യം തോന്നിയിട്ടില്ല. അവര്‍ പറഞ്ഞതില്‍ അല്‍പം സത്യം ഉണ്ട്. നല്ല സുന്ദരനായ പയ്യന്‍ പാട്ടുപാടുമ്പോള്‍ ഒരു രസം തോന്നും. സുന്ദരിയായ പെണ്‍കുട്ടി വന്ന് പാട്ടുപാടുമ്പോഴും ഒരു രസം തോന്നും. ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാന്‍ നര്‍ത്തകിമാര്‍ക്കുപോലും കഴിയില്ല. അപ്പോള്‍ കറുത്ത പെണ്‍കുട്ടിയേക്കാള്‍ വെളുത്ത പെണ്‍കുട്ടിക്ക് പ്ലസ് ഉണ്ട്. അപ്പോള്‍ ചെയ്യേണ്ടതെന്താ. ആ കറുത്ത പെണ്ണിനെ നല്ലവണ്ണം മേക്കപ് ചെയ്ത് നിര്‍ത്തിയേക്കണം' ഇതായിരുന്നു ജോര്‍ജ് കഴിഞ്ഞദിവസം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. സൗന്ദര്യത്തെയും നിറത്തെയും കുറിച്ച് സമാനപ്രതികരണമാണ് പി.സി ജോര്‍ജ് നടത്തിയതെങ്കിലും സത്യഭാമയ്‌ക്കെതിരേ ഉയര്‍ന്ന വിമര്‍ശങ്ങളൊന്നും പക്ഷേ, ജോര്‍ജിന്റെ കാര്യത്തിലുണ്ടായില്ല.
ദിവസങ്ങള്‍ക്കുമുമ്പ് മാഹിയെ അധിക്ഷേപിച്ചും പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.'കോഴിക്കോട്കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്'എന്നായിരുന്നു കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ പി.സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പരാമര്‍ശത്തിനെതിരേ മാഹി എം.എല്‍.എ രമേശ് പറമ്പത്തിന്റെ പരാതിയില്‍ ജോര്‍ജിനെതിരേ മാഹി പൊലിസ് കേസെടുത്തിട്ടുണ്ട്.
മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള, വികസന വഴിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് ജനങ്ങളെ മ്ലേച്ഛഭാഷയില്‍ അപമാനിച്ച പി.സി.ജോര്‍ജ് കേരളത്തിന് അപമാനമാണെന്നും മയ്യഴിയിലെ സ്ത്രീസമൂഹത്തെയടക്കം അപമാനിച്ച ജോര്‍ജിനെതിരേ കര്‍ശന നടപടി വേണമെന്നും രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് പറമ്പത്ത് പറഞ്ഞു. ദേശീയ വനിതാകമ്മിഷനും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം ജോര്‍ജ് ഖേദപ്രകടനം നടത്തിയിരുന്നു.
ദേശീയപാത വികസിച്ചതോടെ മാഹി കൂടുതല്‍ സുന്ദരമായെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും മയ്യഴി ജനതയെ ആക്ഷേപിക്കുന്ന ഒന്നും പറഞ്ഞില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതില്‍ ഖേദിക്കുന്നെന്നുമായിരുന്നു പി.സിയുടെ വീണിടത്തുകിടന്നുള്ള ഉരുളല്‍. രണ്ടാഴ്ച മുമ്പ് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരേയും ജോര്‍ജ് മലീമസ പരാമര്‍ശം നടത്തിയിരുന്നു. വെള്ളാപ്പള്ളിയെ പോലെ വൃത്തികെട്ട ഒരാള്‍ ലോകത്ത് ജനിച്ചിട്ടുണ്ടോ എന്നും, റാസ്‌കല്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ 'എന്തോ' എന്ന് വിളികേട്ട് ഓടിവരുന്ന ആളാണ് വെള്ളാപ്പള്ളി എന്നുമായിരുന്നു ജോര്‍ജിന്റെ വാക്കുകള്‍. വെള്ളാപ്പള്ളി വിവരദോഷിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായിക്ക് വേണ്ടി എന്ത് ഊളത്തരവും കാണിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായിരുന്നു.
കാലങ്ങളായി പി.സി ജോര്‍ജിന്റെ നാവില്‍നിന്ന് വരുന്നത് ഇത്തരം വിഷംതീണ്ടിയ വാക്കുകള്‍ മാത്രമാണ്. മാസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലും ജോര്‍ജിന്റെ വിഷംവമിക്കുന്ന വാക്കുകള്‍ കേരളം കേട്ടു. മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന പാനീയങ്ങളില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന മരുന്ന് കലര്‍ത്തുന്നുവെന്നും ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്‌ലിംകള്‍ ഇന്ത്യയെ അവരുടെ രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ജോര്‍ജിന്റെ വിഷം ചീറ്റല്‍. സംസ്ഥാന ബജറ്റിന് പിന്നാലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നാണം കെട്ടവന്‍ എന്ന് അധിക്ഷേപിച്ചതും കേരളം മറന്നിട്ടില്ല.
ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന മനുഷ്യവിരുദ്ധനായാട്ടിനെ ന്യായീകരിച്ചും പി.സി ജോര്‍ജ് പ്രസ്താവനയിറക്കിയിരുന്നു. ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരേ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സെലക്ടീവ് മതേതരത്വമാണെന്നും ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത് കപട രാഷ്ട്രീയ കോമരങ്ങളാണെന്നുമായിരുന്നു ജോര്‍ജിന്റെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."