കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസമില്ല, മലബാറിലെ വിദ്യാർഥികൾ വീണ്ടും പ്രതിസന്ധിയിൽ
പാലക്കാട്: ഹൈയര്‍ സെക്കന്‍ഡറി സീറ്റുപ്രതിസന്ധിക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല നല്‍കിയിരുന്നു വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍കൂടെ നിര്‍ത്തലാക്കിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് മലബാര്‍ മേഖലയിലുള്ള വിദ്യാര്‍ഥികള്‍. കഴിഞ്ഞവര്‍ഷം നല്‍കിയിരുന്ന പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ് പോലുള്ള കോഴ്‌സുകളടക്കം ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല നിര്‍ത്തലാക്കിയതോടെ കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയെ ആശ്രയിക്കേണ്ടിവരുകയാണ് വിദ്യാര്‍ഥികള്‍. കേരള, എം.ജി സര്‍വകലാശാലകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ തുടരാന്‍ തീരുമാനിച്ചപ്പോള്‍ കാലിക്കറ്റ് മാത്രം മുഴുവന്‍ കോഴ്‌സുകളും നിര്‍ത്തലാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
കാലിക്കറ്റില്‍ ഈ വര്‍ഷം 91,000 പേരാണ് ബിരുദത്തിന് അപേക്ഷിച്ചത്. റെഗുലര്‍ കോളജുകളില്‍ 36,000 മെറിറ്റ് സീറ്റുകളേയുള്ളൂ. ബാക്കിയുള്ളവര്‍ സ്വാശ്രയ സീറ്റുകളെ ആശ്രയിക്കേണ്ടിവരും. കാലിക്കറ്റിലെ 412 അഫിലിയേറ്റഡ് കോളജുകളില്‍ 321 എണ്ണവും സ്വാശ്രയ മേഖലയിലാണ്. ഇവിടെ വലിയ ഫീസ് വേണ്ടിവരുന്നതിനാലാണ് വിദ്യാര്‍ഥികള്‍ പ്രൈവറ്റ് രജിസ്ട്രേഷനായി കാലിക്കറ്റടക്കമുള്ള സര്‍വകലാശാലകളെ ആശ്രയിക്കുന്നത്. 2026 വരെ 25 കോഴ്സുകള്‍ നടത്താന്‍ യു.ജി.സി വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അനുമതിയുണ്ടെങ്കിലും കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ നിഷേധിച്ചെന്നാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. രണ്ടുലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിദൂരപഠനത്തിനുള്ള ഫാക്കല്‍റ്റി, ക്ലാസ് മുറി, ലൈബ്രറി തുടങ്ങിയ സൗകര്യമുണ്ടായിട്ടും സിന്‍ഡിക്കേറ്റ് പ്രൈവറ്റ് രജിസ്ട്രേഷന് പച്ചക്കൊടി കാണിച്ചില്ല.
മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് റെഗുലര്‍, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുകൊണ്ടു തന്നെ കൂടുതല്‍ വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയെയാണ്. താരതമ്യേനെ ഉയര്‍ന്ന ഫീസും, വിദൂര വിദ്യാഭ്യാസം എന്ന സര്‍ട്ടിഫിക്കേറ്റും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്നതിന് വിദ്യാര്‍ഥികളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. 2019 മുതല്‍ അഞ്ചുവര്‍ഷം 1,97,718 വിദ്യാര്‍ഥികളാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷിലൂടെ പ്രവേശനം നേടി. ഇതില്‍ ഒരു ലക്ഷം പെണ്‍കുട്ടികളായിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം 40,000 വിദ്യാര്‍ഥികളുണ്ടായിരുന്നു. 2021ല്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല തുടങ്ങിയതോടെ, മറ്റു സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നിയന്ത്രിച്ചിട്ടും രണ്ടുവര്‍ഷത്തില്‍ ശ്രീനാരായണയില്‍ ചേര്‍ന്നവര്‍ 22,000 പേര്‍ മാത്രമാണ്. റെഗുലര്‍ കോളജുകളില്‍ നാലുവര്‍ഷ ബിരുദം തുടങ്ങിയെങ്കിലും വിദൂരപഠന കോഴ്സുകളില്‍ അത് തുടങ്ങാന്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്കു മാത്രമേ അനുവാദമുള്ളൂ. നിലവില്‍ നിരവധി വിദ്യാര്‍ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. മാത്രമല്ല വിദൂര വിദ്യാഭ്യാസത്തിലൂടെ സര്‍വകലാശാലയ്ക്ക് വാര്‍ഷത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടമാകുകയും ചെയ്യും.
പാരലല്‍ കോളജുകള്‍ക്കും പൂട്ട് വീഴും
കാലിക്കറ്റടക്കമുള്ള സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന എഴുന്നൂറില്‍ പരം പാരലല്‍ കോളജുകളാണ് സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും കാലിക്കറ്റ് സര്‍വകലാശാലയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. 25,000ല്‍ അധികം അധ്യാപക-അനധ്യാപക ജീവനക്കാര്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. കൊവിഡിനു ശേഷം തകര്‍ച്ചയുടെ വക്കിലെത്തിയ പാരലല്‍ കോളജുകളുടെ അന്ത്യമാകും കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നതിലൂടെ ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."