തലസ്ഥാനത്ത് വീട്ടിൽ കയറി വെടിവെച്ച സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പൊലിസ്, പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സംശയം
തിരുവനന്തപുരം: തലസ്ഥാനത്ത് മുഖം മറച്ചെത്തിയ സ്ത്രീ വീട്ടിൽ കയറി വെടിവെച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പൊലിസ്. വഞ്ചിയൂരിൽ നടന്ന വെടിവെപ്പിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയിലേക്ക് എത്തുന്ന നിർണായക തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. വെടിയേറ്റ ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. എന്നാൽ വെടിവെപ്പിന് കാരണം ഷിനിയോടോ, അവരുടെ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം ആകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കൊറിയർ നൽകാനെന്ന പേരിൽ എത്തിയ ഷിനിയുടെ വീട്ടിലെ എത്തിയ സ്ത്രീ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്ക് സഞ്ചരിച്ചിരിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ഈ കാർ ഉപയോഗിച്ചതെന്നും, കാർ ദേശീയപാത വഴി യാത്ര ചെയ്തതും പൊലിസ് കണ്ടെത്തി. ഇതിന്റെ ദ്യശ്യങ്ങളും പൊലിസിന് ലഭിച്ചു.
അക്രമി എത്തിയ കാറിൽ പതിപ്പിച്ച നമ്പർ യഥാർത്ഥത്തിൽ മറ്റൊരു സ്വിഫ്റ്റ് കാറിൻറേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് കോഴിക്കോടേക്ക് വിറ്റ പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാർ ആണിത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം, വെടിവെപ്പിൽ കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഷിനിയുടെ ഭർത്താവിൻറെ അച്ഛനാണ് ആദ്യം വാതിൽ തുറന്ന് പുറത്തെത്തിയത്. ഷിനിയ്ക്ക് രജിസ്ട്രേഡ് കൊറിയർ ഉണ്ടെന്നും അവർ തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേന വേണമെന്ന് അറിയിച്ചതിന് പിന്നാലെ പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറുന്നതിനിടെ പുറത്തേക്ക് വന്ന ഷിനിയോട്
അവരുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിവെച്ചത്. മൂന്ന് തവണ വെടിവെച്ചതിൽ, ഒരെണ്ണം കയ്യിൽ കൊണ്ടു പരുക്കേൽക്കുകയായിരുന്നു. ബാക്കി രണ്ടെണ്ണം തറയിലാണ് പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."