സംരഭകരെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച സൊമാറ്റോ
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയെന്ന് കേട്ടാല്‍ ഇന്ത്യക്കാര്‍ക്കത് സൊമാറ്റോയും സ്വിഗ്ഗിയുമാണ്. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടപ്പെട്ട ഹോട്ടലില്‍ നിന്നും ചൂടോടെ വീട്ടുപടിക്കലെത്തിക്കുന്ന മാജിക്കിന്റെ പേരാണ് ഇന്ന് സൊമാറ്റോ എന്നത്. 2008ല്‍ ആരംഭിച്ച 'ഫൂഡിബേ' എന്ന റെസ്റ്റോറന്റ് ഡയറക്ടറിയാണ് പിന്നീട് ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരം തന്നെ മാറ്റിമറിച്ച സൊമാറ്റോ ആയി മാറിയത്. മധുരമുള്ള പലഹാരം പോലെ മധുരമുള്ളതാണ് സൊമാറ്റോയുടെ കഥ. ഒരിക്കലും തോല്‍ക്കാന്‍ മനസില്ലാത്ത ദീപീന്ദര്‍ ഗോയലിന്റേയും പങ്കജ് ചദ്ദയുടേയും കഠിനാദ്ധ്വാനമാണ് സൊമാറ്റോയുടെ വിജയഗാഥക്ക് പിന്നില്‍.
സൊമാറ്റോയുടെ ചരിത്രം ആരംഭിക്കുന്നത് ന്യൂ ഡല്‍ഹിയില്‍ നിന്നാണ്. ഇന്ത്യാഗേറ്റും, കൊണാട്ട് പ്ലേസും, അക്ഷര്‍ധാം ക്ഷേത്രവുമെല്ലാം ചേര്‍ന്ന ഇന്ത്യയുടെ സംസ്‌കാരം മുഴുവന്‍ അലിഞ്ഞ് ചേരുന്ന ന്യൂ ഡല്‍ഹി. 2005 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങില്‍ ദീപീന്ദര്‍ ഗോയല്‍ ബിരുദം നേടി. പിന്നീട് ഡല്‍ഹിയിലെ ബെയിന്‍ & കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിച്ചു.
ഭക്ഷണപ്രിയനായ ദീപീന്ദര്‍ ഡല്‍ഹിയിലെ ഹോട്ടലുകളില്‍ മുഴുവന്‍ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതിനായി പോകുമായിരുന്നു. തിരക്കുള്ള ഹോട്ടലില്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ക്യൂ നിന്ന് മനം മടുത്ത് ദീപീന്ദര്‍ വീട്ടുപടിക്കലേക്ക് ഭക്ഷണം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അന്നത്തെ കാലത്തും ഡോര്‍ സ്റ്റെപ്പ് ഡെലിവറികളുണ്ടായിരുന്നെങ്കിലും ഇന്നത്തേപോലെ വിശാലമായിരുന്നില്ല. അതുമാത്രമല്ല ഹോട്ടലിന്റെ നിലവാരം, ഉപഭോക്താക്കളുടെ അഭിപ്രായം തുടങ്ങിയവയൊന്നും ഉപഭോക്താവിന് മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ല. ഇത്തരത്തില്‍ ആലോചിച്ച ദീപീന്ദര്‍ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചു ഇവിടെ നിന്നാണ് സൊമാറ്റോയുടെ ഉത്ഭവം.
പങ്കജ് ചദ്ദയുമായി ചേര്‍ന്ന് 2008ല്‍ 'ഫൂഡിബേ.കോം' എന്ന സംരംഭം ദീപീന്ദര്‍ ആരംഭിച്ചു. മികച്ച ഭക്ഷണം നല്‍കുന്ന ഹോട്ടിലുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഡയറക്ടറിയായിരുന്നു ഫൂഡിബേ.കോം. ഒമ്പത് മാസത്തിനുള്ളില്‍ ഡല്‍ഹി എന്‍സിആറിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഡയറക്ടറിയായി ഫൂഡിബേ.കോം മാറി. ഈ വളര്‍ച്ച ഫൂഡിബേ മുംബൈയിലും കൊല്‍ക്കത്തയിലും ലോഞ്ച് ചെയ്യുന്നതിന് സഹായിച്ചു.
വിജയകരമായി രണ്ട് വര്‍ഷം പുര്‍ത്തിയാക്കി ഫൂഡിബേ പേര് മാറ്റി സൊമാറ്റോ ആയി. 2010 ജനുവരി 18ന് ഫൂഡിബേ പൂര്‍ണ്ണമായും അവസാനിപ്പിച്ചു. മെനുകള്‍ ബ്രൗസ് ചെയ്യാനും അവലോകനങ്ങള്‍ വായിക്കാനും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണ ഓര്‍ഡറുകള്‍ നല്‍കാനുമുള്ള ആപ്ലിക്കേഷന്റെ കഴിവ് സൊമാറ്റോയുടെ ജനപ്രിതി കുതിച്ചുയരാന്‍ കാരണമായി.
ഫൂഡിബേയുടെ ആദ്യ വര്‍ഷങ്ങളില്‍ വലിയ പ്രതിസന്ധികളാണ് ദീപീന്ദറും പങ്കജ് ചദ്ദയും നേരിട്ടത്. ഫണ്ടിംഗ് ഉറപ്പാക്കുന്നതിനും ആളുകളെ ആകര്‍ഷിക്കുന്നതിനും വലിയ പ്രതിസന്ധികളാണ് അവര്‍ നേരിട്ടത്. എല്ലാ പ്രതിസന്ധികളേയും കൃത്യമായി പ്രതിരോധിച്ച് മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിച്ചു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സൊമാറ്റോയായി റീബ്രാന്‍ഡ് ചെയ്തതിനു ശേഷം വലിയ വളര്‍ച്ചയാണ് ആ യുവാക്കള്‍ക്കുണ്ടായത്. 2019 ആയപ്പോഴേക്കും സൊമാറ്റോ 24 രാജ്യങ്ങളിലും 10,000ലധികം നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര റെസ്റ്റോറന്റ് അഗ്രഗേറ്ററായി വളര്‍ന്നു. ഈ വളര്‍ച്ചയിലും കൂടുതല്‍ ആളുകള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കുക എന്ന തങ്ങളുടെ ലക്ഷ്യത്തില്‍ സൊമാറ്റോ സ്ഥാപകര്‍ ഉറച്ചുനില്‍ക്കുന്നു.
സംരംഭം എന്ന സ്വപ്‌നം പിന്തുടരുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് സൊമാറ്റോയുടെ ഈ വളര്‍ച്ച. സ്റ്റാര്‍ട്ട് അപ്പ് ന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട മനുഷ്യനാണ് ദീപീന്ദര്‍ ഗോയല്‍. ആ കഠിനാധ്വാനത്തിന്റെ ഫലമായിട്ടായിരിക്കണം 2021 ലെ സ്റ്റാര്‍ട്ട് അപ്പ് ഓഫ് ദ ഇയര്‍ പുരസ്‌കാരം സൊമാറ്റോയെ തേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."