ഉരുൾ പൊട്ടിയപ്പോൾ ദൈവമെവിടെപ്പോയി?
വിദ്യാർഥികളിൽ രാജൻ മാഷിനെ ഇഷ്ടമുള്ളവരും ഇല്ലാത്തവരുമുണ്ട്. വിരോധികൾ ഇങ്ങനെ മുദ്രാവാക്യം വിളിച്ചു, ‘മദ്യപാനിയായ രാജൻ മാഷിനെ ഞങ്ങൾക്കിഷ്ടമല്ല’. ഇതുകേട്ടപ്പോൾ അനുകൂലികളും ഒരുനിമിഷം പകച്ചു. രാജൻ മാഷ് മദ്യപിക്കുമോ എന്നോരുവേള ശങ്കിച്ചു. അപ്പോൾ മാഷെ അടുത്തു പരിചയമുള്ള കുറച്ചു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു. മദ്യപിക്കുന്ന മാഷിനെ ഞങ്ങൾക്കും ഇഷ്ടമല്ല, പക്ഷെ ഞങ്ങളുടെ രാജൻ മാഷ് മദ്യപിക്കില്ല’. കഴിഞ്ഞ വർഷങ്ങളിലായി കോവിഡും പ്രളയവും ഉരുൾപൊട്ടലും മാറിമാറി അപകടമുണ്ടാക്കുമ്പോൾ ‘ദൈവമെവിടെപ്പോയി’ എന്നു വിളിച്ചുകൂവുന്ന ഈശ്വരവിരോധികളെ കാണുമ്പൊൾ ഈ കഥ ഓർമയിൽ വരും.
നിരീശ്വരർ നിഷേധിക്കുന്ന ദൈവത്തെയല്ല ഈശ്വരവാദികൾ വിശ്വസിക്കുന്നത് എന്ന വസ്തുത ഇവർ മനസ്സിലാക്കണം. ജനങ്ങളെല്ലാം വേദനയുടെ നടുക്കത്തിലും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചരിത്രം രചിക്കുന്ന സമയത്തെ അപശബ്ദമായി കണ്ടു തള്ളേണ്ടതാണെങ്കിലും ദൈവവിദ്വേഷികളുടെ ജല്പനങ്ങൾ അൽപാറിവുള്ള വിശ്വാസികളെ ചെറുതായെങ്കിലും സംശയത്തിലാഴ്ത്തുന്നുവെന്നതിനാൽ ഒരു ലഘു വിശദീകരണം ഉദ്ദേശിക്കുന്നു.
ഈ ദൈവവിദ്വേഷികൾക്ക് മനുഷ്യത്വമില്ല
ദുരന്തമുഖത്ത് സന്നദ്ധ സേവകരായോ സംഭാവന ദാദാക്കളായോ അവരെ കാണില്ല. ഇനി ഒരുമ്പെടുകയാണെങ്കിൽ തന്നെ നെറികേട് പേറിക്കൊണ്ടാകുകയും ചെയ്യും. കഴിഞ്ഞ പ്രളയ കാലത്ത് 50 വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളും “മതമുപേക്ഷിക്കൂ മനുഷ്യരാകൂ’ എന്ന വൻ ഫ്ളക്സുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ വാഹനയാത്ര നടത്തിയ ചരിത്രമുണ്ട് കേരള യുക്തിവാദി സംഘത്തിന്. ഭൗതികമായ സർവ്വ അവലംബങ്ങളും അന്യമായി പ്രതീക്ഷ ദൈവത്തിലർപ്പിച്ച് ആശ്വസിക്കുന്നവരെ അസ്വസ്ഥപ്പെടുത്താനുള്ള ഈ പരാക്രമം ഒരിക്കലും മനുഷ്യസ്നേഹിയിൽ നിന്നുണ്ടാവില്ല. ഞാൻ വിശ്വാസിയല്ലെങ്കിലും നിനക്ക് ആശ്വാസം കിട്ടുന്നുവെങ്കിൽ പ്രാർത്ഥിച്ചോളു എന്നെ മനുഷ്യ സ്നേഹിയായ നിരീശ്വരന് പറയാനാകൂ. മനപ്രയാസം ഉണ്ടാകുമ്പോൾ പാട്ടുകേൾക്കുന്നതും ഒറ്റക്കിരിക്കുന്നതും യാത്രപോകുന്നതും മദ്യപിക്കുന്നതും വരെ ന്യായീകരിക്കുന്നവർ സാർത്ഥകവും യാഥാർഥ്യവുമായ സ്വാസ്ഥ്യം പ്രധാനിക്കുന്ന പ്രാർത്ഥനയെ പരിഹസിക്കുന്നത് സാഡിസമല്ലാതെ മറ്റൊന്നുമല്ല.
പ്രാർത്ഥന ആശ്വാസം നല്കുന്നുണ്ടെങ്കിൽ
വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒട്ടും ശാസ്ത്രീയമല്ലാത്ത ഒരു രീതിയാണ് പ്ലാസിബോ. മരുന്നിന്റെ അളവ് കൂട്ടാതെ ഗുളികയുടെ വലിപ്പം കൂട്ടി ഫലിക്കുമെന്ന വിശ്വാസം രോഗിയിലുണ്ടാക്കി ശമനം ത്വരിതമാക്കുന്ന സംഗതിയാണിത്. രോഗിയുടെ മനസിലുള്ള വിശ്വാസം ഫലം ചെയ്യുമെന്ന വിശ്വാസത്തെ ശാസ്ത്രീയമായി തെളിയിക്കാനാകില്ലെങ്കിലും പ്ലാസിബോയെ നിരീശ്വരവാദികളും എതിർക്കാറില്ല. എങ്കിൽ സർവ്വശക്തനായ ദൈവത്തിലുള്ള വിശ്വാസവും ശമനപ്രതീക്ഷയാലുള്ള പ്രാർത്ഥനയും രോഗശമനം എളുപ്പമാക്കുമെന്നറിഞ്ഞിട്ടും പ്രാർത്ഥനയെ പരിഹസിക്കുന്നതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ദൈവമില്ലെന്ന ബോധ്യത്തിൽ നിന്നല്ല, ദൈവം ഇല്ലാതിരുന്നെങ്കിലോ എന്ന ആഗ്രഹത്തിൽ നിന്നാണ് ദൈവനിഷേധ ചിന്ത ഉടലെടുക്കുന്നത് എന്നതാണത്. ഹംസ സോർസിസ് തന്റെ ഡിവൈൻ റിയാലിറ്റിയിൽ അതുകൊണ്ടാണ് നിരീശ്വരവാദികളെ ഈശ്വരവിരോധികൾ (മീസോതീയിസ്റ്റ്) എന്ന് വിശേഷിപ്പിച്ചത്. സുഖം നൽകുന്നതും വേദന നീക്കുന്നതുമാണ് നന്മയെന്ന, ഇവർ തന്നെ ആധാരമാക്കുന്ന ‘പെയിൻ ആൻഡ് പ്ലഷർ തിയറി’ പ്രകാരം പ്രാർത്ഥനയെ പ്രോത്സാഹിപ്പിക്കേണ്ടതാണിവർ.
ദൈവം ഡിങ്കനല്ല
മനുഷ്യർക്ക് അപകടം പറ്റുമ്പോൾ സഹായിക്കൽ ബാധ്യതയായ സൂപ്പർ സ്പൈഡർമാനോ ഡ്യൂപ്പർ ഡിങ്കനോ ആണ് ദൈവമെന്ന് കരുതുന്ന നിരീശ്വരർ ആദ്യം ചെയ്യേണ്ടത് ദൈവത്തെ കുറിച്ച് മനസ്സിലാക്കലാണ്. കേവലം രക്ഷകൻ മാത്രമല്ല, രക്ഷകനും ശിക്ഷകനുമായി അവനല്ലാത്ത മറ്റൊന്നുമില്ലാത്ത സർവ്വപ്രതാപിയാണ് ദൈവം. അവനു മാത്രമേ എന്തിനും കഴിയൂ, എല്ലാം സംഭവിപ്പിക്കുന്നത് അവൻ മാത്രമാണ്. രോഗം നൽകുന്നതും ശമനം പ്രധാനിക്കുന്നതും അവൻ തന്നെ. ഉരുൾപൊട്ടിക്കുന്നതും അതിൽ അകപ്പെട്ട ചിലരെ മരിപ്പിക്കുന്നതും ചിലരെ ജീവിപ്പിക്കുന്നതും മറ്റാരുമല്ല. ദൈവത്തിനെന്താ ഉരുൾപൊട്ടൽ തടഞ്ഞൂടെ എന്ന ചോദ്യം പരികൽപ്പിക്കുന്നത് ഉരുൾപൊട്ടിച്ചത് മറ്റാരെങ്കിലും ആണെന്നാണല്ലോ. അത് അബദ്ധമാണെന്നാണ് പറഞ്ഞതിന്റെ സാരം.
ഈ ശങ്കയുടെ വേര് പഴയ ക്രിസ്ത്യൻ സഭയുടെ ചില വിശ്വാസങ്ങളെ ചുറ്റിപ്പറ്റിയാണെന്നാണ് മനസ്സിലാവുന്നത്. ദൈവത്തിൽ നിന്നും നന്മ മാത്രമേ വരൂ എന്നും ലോകത്ത് തിന്മയും ദുരിതങ്ങളും ഉണ്ടാകുന്നത് ആദം ആപ്പിൾ തിന്നതുകൊണ്ടാണെന്നുമുള്ള വിശ്വാസം സഭക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ടോ എന്നറിയില്ല. ഏതായാലും ഇസ്‌ലാമിക പരിപര്യേക്ഷ്യത്തിൽ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നാണ്. മദ്രസയിൽ വിദ്യാർഥികൾ പഠിക്കുന്ന ആറു വിശ്വാസ കാര്യങ്ങളിൽ അവസാനത്തേതാണിത്.
ദൈവവും ദുരിത പ്രശ്നവും
ദൈവം എന്തുകൊണ്ട് പകർച്ചവ്യാധി, പ്രകൃതിദുരന്തം, പട്ടിണിമരണം പോലുള്ള ദുരിതങ്ങൾ സംഭവിപ്പിക്കുന്നു എന്ന ചോദ്യത്തെ ഇങ്ങനെ ഒരു വാദമായി അവതരിപ്പിക്കാം. "ദൈവം സർവജ്ഞനാണെങ്കിൽ ലോകത്തെ ദുരിതങ്ങളൊക്കെ അറിയണം, കാരുണ്യവാനാണെങ്കിൽ അവയെ തടയാൻ ശ്രമിക്കണം, സർവശക്തനാണെങ്കിൽ തടയാൻ കഴിയണം. എങ്കിൽ ദുരിതങ്ങൾ ഉണ്ടാകില്ല. പക്ഷെ ദുരിതങ്ങൾ ഉണ്ട്. അതിനാൽ ദൈവമില്ല'.
ദൈവത്തെ മനുഷ്യ സാമാനനായി കാണുന്നതാണ് ഇവിടത്തെയും പ്രശ്നം. ഭൂമിയിൽ ദുരിതങ്ങൾ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നില്ല. കഴിയും വിധം തടയാൻ നോക്കും. എന്നിട്ടുമെന്തേ എന്തിനും കഴിയുന്ന ദൈവം ഇത് തടയുന്നില്ല എന്നാണല്ലോ ചിന്ത പോകുന്നത്. ഈ ദുരിതങ്ങൾ സംഭവിപ്പിക്കുന്നതിന്റെ പിന്നിൽ ദൈവത്തിന് യാതൊരു ഉദ്ദേശ്യവും ഇല്ല എന്ന മുൻധാരണയാണ് ചിന്ത പിഴക്കാനുള്ള കാരണം. പകർച്ചവ്യാധി, പ്രകൃതിദുരന്തം, പട്ടിണിമരണം പോലുള്ളവ സംഭവിപ്പിക്കുന്നതിന്റെ പിന്നിൽ ദൈവത്തിന് പരീക്ഷണം എന്നൊരു ലക്ഷ്യമാണുള്ളത്. അവിടെ ക്ഷമിച്ചവർക്ക് മറ്റൊരു ലോകത്ത് പ്രതിഫലം നൽകും എന്നതിനാൽ എന്തായാലും ഇവയൊന്നും തിന്മകളല്ല. വെള്ളം തിളപ്പിക്കുമ്പോൾ ബാക്ടീരിയകൾ നശിക്കുന്നതിനെ നാമാരും തിന്മയായി കാണുന്നില്ല. എങ്കിൽ ദൈവത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രകൃതി ദുരന്തമോ മറ്റോ സംഭവിപ്പിക്കുന്നതിൽ ദൈവത്തെ വിമർശിക്കാൻ ആർക്കാണ് അവകാശം.
മുന്പുദ്ധരിച്ച “ഡിവൈൻ റിയാലിറ്റിയിൽ’ രചയിതാവ് ആവർത്തിച്ച് അടിവരയിടുന്ന ഒരു വാചകമുണ്ട്. “ദൈവസമക്ഷം ചിത്രം മൊത്തമുണ്ട്, നമ്മുടെ പക്കൽ ഒരു ഭാഗം മാത്രവും”. ഭാഗം മാത്രം കണ്ട് ചിത്രം അപൂർണമാണെന്ന് തീർപ്പ് കൽപ്പിക്കുന്നത് പോലെ മൗഢ്യമാണ് ഇഹലോകം മാത്രം പരിഗണിച്ച് ദൈവത്തിന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നത്.
പ്രയാസം മാത്രമല്ല പരീക്ഷണം
പ്രയാസം മാത്രമല്ല അനുഗ്രഹവും പരീക്ഷണമാണെന്നാണ് ഇസ്‌ലാമിക പക്ഷം. അനുഗ്രഹം ആസ്വദിച്ചവൻ നന്ദി ചെയ്യുകയും പ്രയാസം സഹിച്ചവൻ ക്ഷമിക്കുകയും ചെയ്താൽ രണ്ടും പ്രതിഫലാർഹമായ നന്മ തന്നെ. അഹങ്കരിക്കുകയോ ശപിക്കുകയോ ചെയ്യുന്നത് തിന്മയും. സൂറത്തുൽ ഫജ്ർ ഇക്കാര്യം സ്ഥാപിക്കുന്നുണ്ട്. “എന്നാല്‍ മനുഷ്യനെ നാഥന്‍ പരീക്ഷണ വിധേയനാക്കുകയും അങ്ങനെ അവന് ബഹുമാനമേകുകയും സുഖാഡംബരങ്ങള്‍ നല്‍കുകയും ചെയ്താല്‍ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന് അവന്‍ പ്രതികരിക്കും; ഇനിയവനെ പരീക്ഷണ വിധേയനാക്കി ഉപജീവന മാര്‍ഗങ്ങള്‍ ഇടുങ്ങിയതാക്കിയാല്‍ നാഥന്‍ എന്നെ അവഹേളിച്ചിരിക്കുന്നു എന്നാണവന്‍ പറയുക.” (15,16). ബഹുമാനമേകി സുഖാഡംബരങ്ങൾ നൽകലും ഉപജീവന മാര്‍ഗങ്ങള്‍ ഇടുങ്ങിയതാക്കലും പരീക്ഷണമാണെന്ന് സാരം.
Critically examine the contradictions in rationalist perspectives on faith and natural disasters. Delve into the debate on belief, skepticism, and the logical fallacies often present in rationalist argument
ഉള്ളുലഞ്ഞ്...നെഞ്ച് പിടഞ്ഞ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."