ദേശീയ പണിമുടക്ക് ഇന്നു പന്തംകൊളുത്തി പ്രകടനം
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായും ട്രേഡ് യൂനിയനുകള്‍ കൂട്ടായി ഉന്നയിച്ച 12 ഇന അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടും സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇന്നു പ്രാദേശിക കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.
രണ്ടിനു ജില്ലയില്‍ 137 സമര കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ പ്രകടനവും പൊതുയോഗവും ഉണ്ടാകും. ഒന്നിനു അര്‍ധരാത്രി മുതല്‍ രണ്ടിനു അര്‍ധരാത്രി വരെയാണു പണിമുടക്ക്. പാല്‍, മാധ്യമങ്ങള്‍, ആശുപത്രി എന്നിവയെയും ഹജ്ജിനു പോകുന്നവരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബാങ്കിങ്ങ്-ഇന്‍ഷൂറന്‍സ് ജീവനക്കാരും ഉള്‍പ്പടെ വിവിധ മേഖലയിലുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
കര്‍ഷക തൊഴിലാളി സംഘടനകളും യുവജന-വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടിത മേഖലയിലെ തൊഴിലാളികളെ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കി അവര്‍ക്കു ലഭിച്ചുവരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ ശ്രമത്തെ സംഘടിതമായ സമരമാര്‍ഗങ്ങളിലൂടെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണു പണിമുടക്കെന്നും സമരസമിതി നേതാക്കളായ കെ.പി സഹദേവന്‍, എം.കെ രവീന്ദ്രന്‍, ബാബു തില്ലങ്കേരി, സി.പി സന്തോഷ്‌കുമാര്‍, കെ ബാലന്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."