'നീ തോറ്റിട്ടില്ല, തോൽപ്പിച്ചതാണ്' - വിനേഷ് ഫോഗട്ടിന്റെ രാജിയിൽ പ്രതികരിച്ച് ബജ്റംഗ് പുനിയ
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്രതീക്ഷിത വിരമിക്കലിൽ പ്രതികരണവുമായി ഒളിംപിക്‌സ് മെഡൽ ജേതാവ് ബജ്റംഗ് പുനിയ. വിനേഷ് ഫോഗട്ട് സ്വയം തോറ്റതല്ലെന്നും, തോൽപ്പിച്ചതാണെന്നും ബജ്റംഗ് പുനിയ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
'വിനേഷ് നീ തോറ്റിട്ടില്ല, തോൽപ്പിച്ചതാണ്. എന്നാൽ ഞങ്ങൾക്ക് നീ എന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല ഇന്ത്യയുടെ അഭിമാനം കൂടിയാണ്' വിനേഷിന്റെ വിരമിക്കൽ ട്വീറ്റ് പങ്കുവച്ച് ബജ്റംഗ് പു നിയ കുറിച്ചു.
മറ്റൊരു ട്വീറ്റിൽ, വിനീഷിന്റെ രാജി തീരുമാനം നടുക്കിയതായും അദ്ദേഹം പറഞ്ഞു.
'കുട്ടിക്കാലം മുതൽ, വിനേഷ് എല്ലാ കാര്യത്തിനും പോരാടുന്നതും ഓരോ തോൽവിക്ക് ശേഷവും എഴുന്നേറ്റ് വീണ്ടും പോരാടുന്നതും നമ്മൾ കണ്ടിട്ടുണ്ട്! ഇന്ന്, ഞങ്ങൾക്ക് നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ പോലും കഴിയില്ല. കാരണം നിങ്ങളുടെ ഈ തീരുമാനം ഞങ്ങളെ നടുക്കിയിരിക്കുകയാണ്. നിങ്ങൾ ഒരു മികച്ച കളിക്കാരിയാണ്' - പുനിയ കുറിച്ചു.
ഇന്നലെയാണ് ഇന്ത്യയുടെ സ്വര്ണപ്രതീക്ഷകൾക്ക് തിരിച്ചടിയായി ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടത്. വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയതായി വിധി വന്നതോടെ ഇന്ത്യൻ ആരാധകരും കായികലോകവും അവിശ്വസനീയ വാർത്ത കേട്ടെന്ന പോലെ ഞെട്ടി. പിന്നാലെ 100 ഗ്രാം കൂടിയതിനാൽ വിനേഷിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതായി അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷനെ അറിയിച്ചു.
തൂക്കം അധികമായതോടെ മത്സരനിയമം അനുസരിച്ച്, വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. ഇതോടെ ഉറപ്പായ ഒരു മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ ജപ്പാന്റെ യു സുസാകി അക്കമുള്ള താരങ്ങളെ തോൽപ്പിച്ചായിരുന്നു വിനേഷ് ഫൈനലിലെത്തിയത്. സെമിഫൈനലിനു മുൻപ് വിനേഷിന്റെ ഭാരം കൃത്യമായിരുന്നു. എന്നാൽ ഫൈനലിനു മുൻപ് താരത്തിന്റെ ഭാരം രണ്ടു കിലോയോളം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇതു കുറയ്ക്കാനായി രാത്രിയിൽ കഠിനപരിശ്രമം നടത്തിയിരുന്നു. ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയെങ്കിലും മത്സരത്തിനുമുൻപുള്ള ഭാരപരിശോധനയിൽ വിനേഷ് പരാജയപ്പെട്ടു.
29 കാരിയായ വിനേഷ് അയോഗ്യയാക്കപ്പെട്ടതോടെ 50 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനും ക്യൂബയുടെ ഗുസ്മാൻ ലോപസും ഫൈനലിൽ മത്സരിക്കും. വിനേഷിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും.
റിയോ ഒളിംപിക്‌സിൽ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ശേഷം 53 കിലോഗ്രാം വിഭാഗത്തിലും ഇറങ്ങിയിരുന്നു. ഇഷ്ടമത്സരം 53 കിലോഗ്രാം വിഭാഗത്തിലാണെങ്കിലും 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് പാരിസിൽ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."