35 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കാന്‍ അംഗീകാരം നല്‍കി ശ്രീലങ്കന്‍ കാബിനറ്റ്; പട്ടികയില്‍ യുഎഇയും ഇന്ത്യയും
ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കാന്‍ അംഗീകാരം നല്‍കി ശ്രീലങ്കന്‍ കാബിനറ്റ്. 30 ദിവസത്തേക്കാണ് വിസ അനുവദിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 30 ദിവസത്തേക്ക്് വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത്.
കാബിനറ്റ് വക്താവും ഗതാഗത മന്ത്രിയുമായ ബന്ദുല ഗുണവര്‍ധനയാണ് ഇക്കാര്യം അറിയിച്ചത്. സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ പോലെ ശ്രീലങ്കയെ ഒരു ഫ്രീ വിസ രാജ്യമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിവേഗം വളരുന്ന ടൂറിസം വ്യവസായത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഗുണവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ, ചൈന, യുകെ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, സ്‌പെയിന്‍, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, യുഎഇ, നേപ്പാള്‍, ഇന്തോനേഷ്യ, റഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രത്യേകതരം ചായകള്‍ക്കും ബീച്ചുകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവയ്ക്കും പേരുകേട്ട ശ്രീലങ്കയില്‍ 22 ദശലക്ഷം ആളുകളാണുള്ളത്. കൊവിഡിന്റെ ഭാഗമായി ഇവിടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാവുകയും 2022ല്‍ രാജ്യത്തിന് വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. ഇത് വന്‍തോതില്‍ പ്രതിഷേധങ്ങളിലേക്കും അവശ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും ദൗര്‍ലഭ്യത്തിലേക്കും നയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതിയില്‍ ശ്രീലങ്കയില്‍ രണ്ട് ദശലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. 2019ന് ശേഷം ടൂറിസം രംഗത്തുണ്ടായ ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. തുടര്‍ന്നാണ് വലിയ നേട്ടങ്ങള്‍ കൊയ്യാനായി പുതിയ പദ്ധതികള്‍ ആരംഭിച്ചത്. ശ്രീലങ്കന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ( 2,46,922 ) നിന്നാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ അവിടേക്കെത്തുന്നത്.
രണ്ടാം സ്ഥാനത്ത് യുകെയാണ് ( 1,23,992 ). 2024 ന്റെ ആദ്യ പകുതിയില്‍ 1.5 ബില്യണ്‍ ഡോളറാണ് ശ്രീലങ്ക ടൂറിസം മേഖലയില്‍ നിന്ന് കൊയ്തത്. കഴിഞ്ഞ വര്‍ഷം 875 മില്യണ്‍ ഡോളറായിരുന്നു ഇതേസമയത്ത് ശ്രീലങ്ക നേടിയതെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."