സഊദി അറേബ്യയിൽ വ്യാപക മഴ; കനത്ത മഴയിൽ മുങ്ങി ജിദ്ദ, മക്ക നഗരങ്ങൾ
റിയാദ്: സഊദി അറേബ്യയിൽ വ്യാപക മഴ. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിലും മക്കയിലുമുണ്ടായ കനത്ത മഴയിൽ തെരുവുകളടക്കം വെള്ളത്തിൽ മുങ്ങി. ജിദ്ദയിൽ സമീപകാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ശക്തമായ മഴയാണ് പെയ്തത്.മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ വിവിധ റോഡുകളിൽ വെള്ളംകെട്ടിക്കിടന്നു ഗതാഗതം തടസപ്പെട്ടു. ഫലസ്തീന്‍ റോഡും പ്രിന്‍സ് മാജിദ് റോഡും തമ്മിൽ സന്ധിക്കുന്ന പ്രദേശത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് റോഡ് അടച്ചു.
മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. രാത്രി എട്ടോടെ പെയ്ത കനത്ത മഴയിൽ നിരവധി പേർ റോഡുകളിൽ കുടുങ്ങിയിരുന്നു, മണിക്കൂറുകൾ കഴിഞ്ഞാണ് ആളുകൾ തങ്ങളുടെ താമസസ്ഥലങ്ങളിൽ എത്തിയത്. ഇടിമിന്നലിന്റെ പിണറുകൾ വലിയ പ്രകാശത്തോടെ ഭൂമിയിൽ പതിക്കുന്നത് കാണാനും മഴ ആസ്വദിക്കാനുമായി നിരവധി സ്വദേശി കുടുംബങ്ങൾ റോഡുകളിലും മറ്റുമായി എത്തിയിരുന്നു.
മക്കയിലും കനത്ത മഴയാണ് തിങ്കളാഴ്ച പെയ്തത്. ശക്തമായ മഴ വകവെക്കാതെ ഹറമില്‍ വിശ്വാസികൾ ഉംറ നിർവഹിക്കുന്നതും നമസ്കരിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മക്കയിലെ ചില പ്രദേശങ്ങളിൽ ഇടിയും ആലിപ്പഴവർഷവും എത്തിയിരുന്നു.
ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. ഖുന്‍ഫുദക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ മഴ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ജിദ്ദ, മക്ക, ബഹ്‌റ, അല്‍ കാമില്‍, ജുമൂം, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. റോഡുകളിലെ വെള്ളക്കെട്ടുകൾ കാരണം വിവിധ കമ്പനികളിൽ എത്തേണ്ട ജോലിക്കാർ താമസിച്ചാണ് ജോലിക്ക് ഹാജരായത്. സഊദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."