പ്രിയ റസൂലിന്റെ തിരുനാമങ്ങൾ
പ്രവാചക തിരുമേനി (സ)യുടെ തിരുനാമങ്ങളെ പ്രതിപാദിക്കുന്ന പഠനം ഇവിടെ തുടങ്ങുകയാണ്. വിശ്വാസിയുടെ ഹൃദയത്തില്‍ പ്രവാചകസ്‌നേഹത്തിന്റെ തീക്ഷ്ണത പ്രകടമാകുന്ന കാലം കൂടിയാണിത്. അവിടുത്തെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് ഈ പംക്തിയിലൂടെ ഗള്‍ഫ് സുപ്രഭാതം.
'അല്ലാഹുവിന് അത്യുദാത്ത നാമങ്ങളുണ്ട്, അവ കൊണ്ട് നിങ്ങളവനെ വിളിക്കുക ( അഅ്‌റാഫ്: 180) അല്ലാഹുവിന്റെ തിരുനാമങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഏറെ വ്യാപിച്ചു കിടക്കുന്നതും പണ്ഡിതര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായതുമാണ്. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്കു പുറമെ അവ മാത്രം പ്രതിപാദ്യ വിഷയമായ ഗ്രന്ഥങ്ങളും കാണാം. അപ്രകാരം പ്രാധാന്യമര്‍ഹിക്കുന്നതും പണ്ഡിതര്‍ ഏറെ ശ്രദ്ധ ചെലുത്തിയതുമായ ഒരു മേഖലയാണ് പ്രവാചക നാമങ്ങള്‍.
പതിനാലിലധികം ഗ്രന്ഥങ്ങള്‍ ഇത് സംബന്ധമായി വിരചിതമായിട്ടുണ്ട്. അതിന്നു പുറമെ ചരിത്ര ഗ്രന്ഥങ്ങളിലും ഇവ്വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം അധ്യായങ്ങള്‍ തന്നെ പണ്ഡിതര്‍ ഉള്‍പ്പെടുത്തി. ഇമാം ഖാസി ഇയാള്വ് (റ)ന്റെ 'അശ്ശിഫാ ബിതഹ്‌രീഫി ഹുഖൂഖില്‍ മുസ്തഫ' എന്ന ഗ്രന്ഥത്തിലും ഹാഫിസ് ഇബ്‌നു അസാകിര്‍ (റ)ന്റെ താരീഖ് ദിമിശ്ഖിലും ഇത് കാണാം.
അല്ലാമ ഇബ്‌നു ദാഹിയാ, ഇമാം ഖുര്‍ത്വുബി, ഇമാം റസ്സാഹ്, ഇമാം സഖാവി, ഇമാം സുയൂഥി, ഇമാം ഇബ്‌നു ഫാരിസ് തുടങ്ങിയവരും ഇത് സംബന്ധമായി ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചവരാണ്. ഇമാം ജൂസൂലി (റ) തന്റെ ദലാഇലുല്‍ ഖൈറാത്തില്‍ ഇരുന്നൂറ് പ്രവാചക നാമങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അപ്രകാരം അല്ലാമ ഇബ്‌നു ദഹിയ (റ) അല്‍ മുസ്തൗഫാ ഫീ അസ്മാഇല്‍ മുസ്ത്വഫാ' എന്ന ഗ്രന്ഥത്തില്‍ മുന്നൂറ് നാമങ്ങളും പ്രതിപാദിക്കുന്നുണ്ട്.
പ്രവാചക നാമങ്ങളുടെ എണ്ണത്തില്‍ ചില അഭിപ്രായാന്തരങ്ങള്‍ കാണാം, അതിന്റെ പ്രധാന കാരണം ചില നാമങ്ങള്‍ പ്രവാചകന്റെ വിശേഷണങ്ങളാണോ അതല്ല നാമങ്ങള്‍ തന്നെയാണോ എന്ന കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ്. ഇമാം നവവി (റ) യുടെ വീക്ഷണത്തില്‍ അവയില്‍ ചിലത് വിശേഷണങ്ങളാണെങ്കിലും ആലങ്കാരികമായി അവയെ നാമങ്ങളെന്നു തന്നെ പറയാം എന്നാണ്.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പ്രവാചകന്റെ ഓരോ നാമങ്ങളും ഓരോ സന്ദേശങ്ങളാണ്, ചരിത്രങ്ങളാണ്, സര്‍വ്വോപരി അവിടുത്തെ ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ അനുപമമായ വ്യക്തിത്വത്തിന്റെയും ഈ ലോകത്തും പരലോകത്തും ഉമ്മത്തുമായുള്ള ബന്ധത്തിന്റെയും ഇലാഹിന്റെയടുക്കലുള്ള അത്യുന്നത സ്ഥാനത്തിന്റെയും വിളംബരം കൂടിയാണ്.
പ്രവാചക പ്രേമിയായ ഒരു വിശ്വാസി പ്രവാചക നാമങ്ങളെ അടുത്തറിയുന്നതിലൂടെ പ്രവാചകനെ കൂടുതല്‍ മനസിലാക്കാനും സ്‌നേഹിക്കാനും സഹായകമാകും എന്നതില്‍ തര്‍ക്കമില്ല. അതിന്നായി അവിടുത്തെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മാസം തെരഞ്ഞെടുക്കുന്നതിനുള്ള മഹത്വവും യുക്തിയും ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.
ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്‌നു ഖാസ്സിം അല്‍ റസ്സാഗിന്റെ 'തദ്കിറത്തുല്‍ മുഹിബ്ബീന്‍ ഫീ അസ്മാഇ സയ്യിദില്‍ മുര്‍സലീന്‍' എന്ന വിഖ്യാത ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി പ്രവാചക നാമങ്ങളെ ഏറ്റവും ലളിതമായി പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാം ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."