12 വര്‍ഷമായി ദിവസവും ഉറങ്ങുന്നത് അര മണിക്കൂര്‍...! ആരോഗ്യത്തിനും ഓര്‍മയ്ക്കും പിന്നിലെ രഹസ്യം വെളിപ്പെടുത്തി 40കാരന്‍
ഒരു മനുഷ്യന്‍ ശരാശരി ഉറങ്ങേണ്ട സമയം ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ്. ആരോഗ്യകരമായ ജീവിതത്തിനു ഒരു ശരാശരി മനുഷ്യനു വേണ്ടതാണ് ഈ ഉറക്കം. നന്നായി ഉറങ്ങിയിട്ടില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും ബാധിച്ചേക്കും. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും ആരോഗ്യവും മാനസികാരോഗ്യവുമൊക്കെ ശരിയായ രീതിയിലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ 12 വര്‍ഷമായി ദിവസവും വെറും 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളുണ്ട് ജപ്പാനില്‍. ഡെയ്‌സുകെ ഹോറി എന്നാണ് ഈ ജപ്പാന്‍കാരന്റെ പേര്. ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഡെയ്‌സുകെ പറയുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഡെയ്‌സുകയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഈ 40കാരന്‍ തന്റെ ശരീരത്തെയും മനസിനെയും 30 മിനിറ്റ് ഉറക്കം എന്ന രീതിയുമായി പൊരുത്തപ്പെടുത്തിയതായി അദ്ദേഹം പറയുന്നു.
ഈ ശീലം തന്റെ മാനസികാരോഗ്യവും കായികക്ഷമതയും വര്‍ധിപ്പിച്ചുവെന്നാണ് ഡെയ്‌സുകെയുടെ വാദവും. ഭക്ഷണം കഴിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എന്തെങ്കിലും കായികാധ്വാനം ചെയ്യുകയോ ഒരു കാപ്പി കുടിക്കുകയോ ചെയ്താല്‍ ഉറക്കം വരില്ലെന്നും ഡെയ്‌സുകെ പറയുന്നു. ഏകാഗ്രത നിലനിര്‍ത്താന്‍ ദീര്‍ഘനിദ്രയേക്കാള്‍ നല്ലത്, നല്ല ഉറക്കമാണ് (ക്വാളിറ്റ് സ്ലീപ്) വേണ്ടതെന്നാണ് ഡെയ്‌സുകെ വിശ്വസിക്കുന്നത്. ഡോക്ടര്‍മാര്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍, പൊലിസുകാര്‍ തുടങ്ങിയ വിശ്രമം കുറവായ ജോലി ചെയ്യുന്നവര്‍ക്ക് ഈ രീതി പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ യോമിയുരി ടിവി എന്ന ചാനല്‍ ഡെയ്‌സുകെയുടെ ജീവിതം ഒരു റിയാലിറ്റി ഷോയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ 2016ല്‍ ഡെയ്‌സുകെ ജപ്പാന്‍ ഷോര്‍ട്ട് സ്ലീപ്പേഴ്‌സ് ട്രെയ്‌നിങ് അസോസിയേഷനും സ്ഥാപിച്ചു. അവിടെ അദ്ദേഹം ഉറക്കത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ക്ലാസുകള്‍ എടുക്കുന്നുണ്ട്. 2100ലധികം വിദ്യാര്‍ഥികളെ അള്‍ട്രാ ഷോര്‍ട്ട് സ്ലീപര്‍ ആകാന്‍ അദ്ദേഹം പഠിപ്പിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."