നാട്ടിന്‍പുറത്തെ ' നാല്‍ക്കാലി ജയില്‍ ' ഓര്‍മ്മകളിലേക്ക്
മൊഗ്രാല്‍ പുത്തൂര്‍: അക്രമകാരികളാവുകയും അലഞ്ഞു തിരിയുകയും ചെയ്യുന്ന നാല്‍ക്കാലികളെ പിടികൂടി അടച്ചിടാനായി ബ്രിട്ടീഷ് ഭാരണകാലത്ത് നാടെങ്ങും നിര്‍മിച്ച ' നാല്‍ക്കാലി ജയില്‍ ' ഓര്‍മ്മകളിലേക്ക്. നാല്‍ക്കാലികള്‍ക്കായി പണിതിരുന്ന ദൊഡ്ഡികളാണ് ഒരു കാലത്ത് നാല്‍ക്കാലി ജയില്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. നാട്ടിന്‍ പുറത്തെ ദൊഡ്ഡികളുടെ ശേഷിപ്പുകള്‍ ഇന്നും ജില്ലയുടെ പല ഭാഗങ്ങളിലും കാണാം.
പുരയിടം, വയലുകള്‍, മറ്റു കാര്‍ഷിക വിളകള്‍ തിന്നാന്‍ അലഞ്ഞു തിരിഞ്ഞെത്തുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളില്‍ കയറി കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിച്ചാല്‍ പിടികൂടി ദൊഡ്ഡിയില്‍ അടക്കണമെന്നാണ് അന്നത്തെ ചട്ടം. ഇങ്ങനെ പിടികൂടി ദൊഡ്ഡികളില്‍ അടയ്ക്കുന്ന കന്നുകാലികളെ തേടി ഉടമസ്ഥന്‍ എത്തിയാല്‍ പിഴ ഈടാക്കി വിട്ടയക്കാറാണ് പതിവ്. സ്വാതന്ത്ര്യത്തിനു ശേഷം കാലക്രമേണ ദൊഡ്ഡികളുടെ നിയന്ത്രണം തദ്ദേശ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ക്രമേണ ഓരോ പഞ്ചായത്തിലും മൃഗങ്ങള്‍ക്കായുള്ള ജയിലുകള്‍ ഉയര്‍ന്നു വന്നു. കൃഷിയിടങ്ങള്‍ നശിപ്പിച്ചാല്‍ ഭൂ ഉടമ കന്നുകാലികളെ പിടികൂടി ദൊഡ്ഡിയില്‍ എത്തിച്ച് വിവരം പഞ്ചായത്തില്‍ അറിയിക്കണം. പിന്നീട് കന്നുകാലികളുടെ യഥാര്‍ഥ അവകാശി തെളിവ് സഹിതം എത്തിയാല്‍ പിഴ ഈടാക്കി താക്കീതു ചെയ്ത് വിട്ട് നല്‍കാറാണ് പതിവ്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. കാലം മാറിയതോടെ ദൊഡ്ഡികള്‍ പഴങ്കഥയായി. പുതു തലമുറയ്ക്ക് മൃഗങ്ങള്‍ക്കും ജയിലുകള്‍ ഉണ്ടായിരുന്നുവെന്ന അറിവ് അന്യമായി. ചരിത്ര ശേഷിപ്പുകള്‍ എന്ന നിലയില്‍ പല ഭാഗങ്ങളിലും ഇടിഞ്ഞു വീഴാറായ ദൊഡ്ഡികള്‍ കാണാം. ദൊഡ്ഡികള്‍ സംരക്ഷിക്കാന്‍ പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുമെന്നാണ് പുതു തലമുറയും പ്രതീക്ഷിക്കുന്നത്. ഇപ്പോഴും അലഞ്ഞു തിരിയുന്ന നാല്‍ക്കാലികളെ കാണുമ്പോള്‍ ദൊഡ്ഡികളുടെ ആവശ്യകത ഇക്കാലത്തും അനിവാര്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."