രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം കൊല്ലം
ന്യൂഡല്‍ഹി: കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും ഇല്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരം കൊല്ലം. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ കണക്കു പ്രകാരം കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം നഗരത്തിലാണ്.
പതിനൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള ഇവിടെ 13,257 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കുക. ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ് കൊല്ലത്തിന്റെ നില. രണ്ടാംസ്ഥാനത്തുള്ള ന്യൂഡല്‍ഹിയില്‍ 1066.2 ആണ് നിരക്ക്. വന്‍ നഗരങ്ങളായ മുംബൈയില്‍ 233.2ഉം കൊല്‍ക്കത്തയില്‍ 170ഉം ആണ് നിരക്ക്. കഴിഞ്ഞവര്‍ഷം 13,257 കുറ്റകൃത്യങ്ങളാണ് കൊല്ലം സിറ്റി പൊലിസില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇതാവട്ടെ, ഇന്ത്യയിലെ ആകെ കേസുകളുടെ രണ്ടു ശതമനം വരും. പത്തു ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് പട്ടികയിലുള്ളത്. കണ്ണൂരില്‍ 137ഉം കൊച്ചിയില്‍ 650ഉം കോഴിക്കോട് 455ഉം മലപ്പുറത്ത് 245ഉം തിരുവനന്തപുരത്ത് 913ഉം തൃശൂരില്‍ 667ഉം ആണ് നിരക്ക്. അതേസമയം, നഗരത്തിന് അഭിമാനിക്കാവുന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. മറ്റു വന്‍ നഗരങ്ങളുമായി താരതമ്യം ചെയ്താല്‍ ദലിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള ഒരതിക്രമവും കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യദ്രോഹം, മനുഷ്യക്കടത്ത്, കൊള്ള എന്നീ കേസുകളുമില്ല. 2012ല്‍ സെര്‍ച്ച് എന്‍ജിനായ യാഹു നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷ കുറവുള്ള 20 നഗരങ്ങളില്‍ ഒന്നായി കൊല്ലത്തെ തെരഞ്ഞെടുത്തിരുന്നു.
ഇവിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 172 എണ്ണം സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകെയുള്ള കേസുകളുടെ 15.5 ശതമാനവും ഇതേ വിഭാഗത്തിലുള്ള കേസാണ്. ഭര്‍തൃപീഡനം സംബന്ധിച്ച് 221 കേസുകളും രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് 217 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഈ വിഭാഗത്തില്‍ ഭോപ്പാല്‍ മാത്രമാണ് കൊല്ലത്തിനു മുന്നിലുള്ളത്.
വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അടിപിടി കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗങ്ങളും കേരളത്തില്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇക്കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തി. കൂടുതല്‍ വാഹനാപകടങ്ങളുണ്ടായ നഗര പട്ടികയിലും കൊല്ലം ഉണ്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ചു മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം എന്നിവ കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍, സാക്ഷരതാനിരക്ക് കൂടുതലുള്ള സംസ്ഥാനത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയ സഭവങ്ങളില്‍ പോലും പരാതി നല്‍കുന്നതിനാലും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാലുമാണ് കുറ്റകൃത്യങ്ങളുടെ ആധിക്യമുണ്ടാവുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."