സത്യദൂതർ: ഭാഗം -12 -ദൈവവിശ്വാസം മൂലമുള്ള ധീരത
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ 'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=PTevADTomzM ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും 30 ദിവസവും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
മക്കയിലെ വധശ്രമങ്ങൾ
പ്രവാചകത്വത്തിന്റെ ആദ്യമധ്യാന്തം മുഹമ്മദ് നബി(സ)യുടെ ജീവനെടുക്കാൻ അനേകം ശ്രമങ്ങൾ നടന്നിട്ടുണ്ട്. പന്ത്രണ്ടു വർഷത്തെ പീഡനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുക്കം വധിക്കാൻ തന്നെ മക്കക്കാർ തീരുമാനിച്ചു. എന്നാൽ പ്രസ്തുത ദൗത്യം ഏറ്റെടുക്കാൻ ഏതെങ്കിലും ഗോത്രം ഒറ്റക്ക് സന്നദ്ധമാകുന്നില്ല. മുഹമ്മദിന്റെ കുടുംബമോ അനുയായികളോ പ്രതിക്രിയ ചെയ്യുമെന്ന ഭയം എല്ലാവരിലുമുണ്ട്. അങ്ങനെ അവർ ഒരു തീരുമാനത്തിലെത്തുന്നു. ‘എല്ലാ ഗോത്രത്തിൽ നിന്നും ഓരോരുത്തർ ചേർന്ന് മുഹമ്മദിനെ വധിക്കട്ടെ. എല്ലാ ഗോത്രത്തോടും പ്രതിക്രിയ ചെയ്യൽ പ്രായോഗികമല്ലാത്തതിനാൽ ആരും അതിനു മുതിരില്ല’. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളെ പോലെ അങ്ങനെ ഏൽപ്പിക്കപ്പെട്ടവർ തന്നെ വധിക്കാൻ വേണ്ടി വീട് വളഞ്ഞ രാത്രിയിലാണ് പുണ്യനബി(സ) പലായനം ചെയ്തു മദീനയിൽ എത്തുന്നത്. മുഹമ്മദ് നബി(സ)യെ വധിക്കുന്നവർക്ക് പ്രഖ്യാപിച്ച 200 ഒട്ടകം ലഭ്യമാക്കാൻ വഴിമധ്യേ അന്ന് വിശ്വാസി അല്ലാതിരുന്ന സുറാഖ ശ്രമിക്കുന്നുണ്ട്. എന്നാൽ പുണ്യ നബിയുടെ ഭാഗത്തേക്ക് തിരിയുമ്പോൾ സഞ്ചരിക്കുന്ന മൃഗത്തിന്റെ കാല് മണലിൽ താഴ്ന്നു പോകുന്നതിനാൽ സുറാഖക്ക് അതിനായില്ല.
അഖബ ഉടമ്പടിയും ഹുദൈബിയ്യ സന്ധിയും
മദീനയിലേക്കുള്ള പലായനത്തിന് മുൻപ് തന്നെ ഔസ് ഹസ്റജ് ഗോത്ര പ്രതിനിധികളുമായി അഖബയിൽ നടന്ന രണ്ടാം ഉടമ്പടിയിൽ തന്റെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട് പ്രവാചകൻ(സ). അതു പ്രകാരം തങ്ങളുടെ സംരക്ഷണം അൻസാരികൾ ഏറ്റെടുത്തു. മുഹമ്മദിനെ വധിച്ചു അനുയായികളെ പരാജയപ്പെടുത്താൻ മക്കക്കാർ അനേകം യുദ്ധങ്ങളും നയിക്കുന്നുണ്ട്. എന്നാൽ ബദറിലും ഉദിലും ഖന്തഖിലും അവർക്ക് അതിനു സാധിച്ചില്ല. തുടർന്ന് പത്തുവർഷത്തേക്ക് ഇനി യുദ്ധമില്ലെന്ന സന്ധിയുമുണ്ടായി. യുദ്ധങ്ങളിലൊന്നും തിരുദൂതർ രണാങ്കണത്തിലേക്ക് വരില്ല. യുദ്ധം ചെയ്യേണ്ടത് സൈന്യത്തിന്റെയും നയിക്കേണ്ടത് സൈന്യാതിപന്റെയും ചുമതലയാണല്ലോ. പുണ്യനബി റൂളറും ജഡ്ജിയുമാണ്. ഉഹദ് യുദ്ധത്തിൽ മാത്രമാണ് തിരുനബി(സ) ഒരാളെ നേരിട്ട് വധിക്കുന്നത്. ‘ഒന്നുകിൽ ഞാൻ മുഹമ്മദിനെ വധിക്കും, അല്ലെങ്കിൽ കൊല്ലപ്പെടും’ എന്ന് വീരവാദം മുഴക്കിയ ഉബയ്യ് ബിൻ ഖലഫ് ആയിരുന്നു ആ ഹതഭാഗ്യൻ.
ജൂത ഗോത്രങ്ങളുടെ വധശ്രമങ്ങൾ
മക്കക്കാർക്കു പുറമെ ജൂത ഗോത്രങ്ങളും തിരുനബി(സ)യെ വധിക്കാൻ പദ്ധതികൾ മെനഞ്ഞിരുന്നു. തങ്ങൾക്കിടയിലെ ഗോത്ര പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന മധ്യസ്ഥനായി ക്ഷണിച്ച് ചതിച്ചു വക വരുത്താനുള്ള ശ്രമവും ബനൂ നള്വീർ ഗോത്രം നടത്തി. പുണ്യ നബി(സ) ഇത് തിരിച്ചറിയുകയും സിദ്ധീഖ്(റ) വിന്റെ കൂടെ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഖൈബർ യുദ്ധവേളയിൽ ആട്ടിറച്ചിയിൽ വിഷം പുരട്ടി സൈനബ് എന്ന ജൂതസ്ത്രീ പുണ്യനബിക്ക് നൽകുന്നുണ്ട്. എന്നാൽ ഇതിൽ വിഷം ചേർത്തിട്ടുണ്ടെന്ന് വിവരം പ്രസ്തുത മാംസം തന്നെ പുണ്യനബി(സ) യെ അറിയിക്കുകയായിരുന്നു.
അനുയായികളുടെ സെക്യൂരിറ്റി
നിരന്തര വധശ്രമങ്ങളും പദ്ധതികളും കാരണം അനുയായികൾ പ്രവാചകർക്ക് എപ്പോഴും സംരക്ഷണം നൽകുമായിരുന്നു. അവിടന്ന് ഉറങ്ങുകയാണെങ്കിൽ തന്നെ മുറിക്ക് പുറത്ത് സുരക്ഷക്കായി അനുയായികൾ ഉണ്ടാകും. അങ്ങനെ ഹുദൈബിയ്യ സന്ധിക്കും ഖൈബർ യുദ്ധത്തിനും ശേഷം ഒരിക്കൽ പുണ്യനബി(സ) തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു. ആ സമയത്താണ് ‘അല്ലാഹു അങ്ങയെ ജനങ്ങളിൽ നിന്നും സംരക്ഷിക്കും’ എന്ന വചനം (സൂറത്തുൽ മാഇദ: 67) അവതീർണമാകുന്നത്. ഉടൻ പുണ്യനബി(സ) മുറിക്കു പുറത്തു വരികയും കാവൽ നിൽക്കുന്ന സഅദ് ബിൻ അബീവാഖാസ് (റ)വിനോട് ഇപ്രകാരം പറയുകയും ചെയ്തു “എനിക്കിനി നിങ്ങളുടെ കാവൽ വേണ്ട. നിശ്ചയം എന്റെ സുരക്ഷ എന്റെ നാഥൻ ഏറ്റെടുത്തിട്ടുണ്ട്”.
ഒരു മനുഷ്യൻ മുഴുവൻ ജനങ്ങളെയും ചിലപ്പോൾ വഞ്ചിച്ചേക്കാം. എന്നാൽ സ്വന്തം ശരീരത്തെ വഞ്ചിക്കുമോ? തനിക്ക് അല്ലാഹു നൽകുന്ന വെളിപാടിലോ അല്ലാഹുവിൽ തന്നെയോ എന്തെങ്കിലും അവിശ്വാസം പുണ്യനബി(സ)ക്കുണ്ടായിരുന്നുവെങ്കിൽ പറയേണ്ടിയിരുന്നത് ‘ഇങ്ങനെയൊരു വചനം ഇറങ്ങിയിട്ടുണ്ട്, എന്നാലും നിങ്ങൾ കാവൽ തുടർന്നോളൂ’ എന്നായിരുന്നല്ലോ. എന്നാൽ തനിക്ക് അവതീർണമാകുന്ന സന്ദേശത്തിൽ ഏറ്റവും വിശ്വസിച്ചത് പുണ്യനബി(സ) തന്നെയായിരുന്നു.
മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.suprabhaatham.com/readmore?tag=Satyadoothar
മുൻ വിഡിയോ ഭാഗങ്ങൾ: https://www.youtube.com/playlist?list=PL7OFZrJI_z6FptB8tS2IQmoZjRXvL-w6b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."