ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിംകോടതി വിധി നിലനില്‍ക്കെ 500 വര്‍ഷം പഴക്കമുള്ള പള്ളിയും ദര്‍ഗയും ഖബര്‍സ്ഥാനും പൊളിച്ചുനീക്കി ഗുജറാത്ത് സര്‍ക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിനു സമീപമുള്ള 500 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയും ഖബര്‍സ്ഥാനും അവയോട് ചേര്‍ന്നുള്ള മഖ്ബറയും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയെന്ന് അവകാശപ്പെട്ടാണ് ഗിര്‍ സോമനാഥ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
ഹാജി മംഗ്റോളി ഷാ ബാവ, ഗരീബ് ഷാ ബാവ എന്നിവരുടെ ദര്‍ഗയും വെരാവലിലെ പാടാനിയില്‍ സ്ഥിതിചെയ്യുന്ന ജാഫര്‍ മുസാഫര്‍ ഖബര്‍സ്ഥാനും ഈദ്ഗാഹ് മസ്ജിദുമാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെയാണ് വന്‍ പൊലിസ് സന്നാഹത്തോടെ പള്ളിയും മഖ്ബറയും ഇടിച്ചുനിരപ്പാക്കിയത്. സോമനാഥ് വികസന പദ്ധതിക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സോമനാഥ ക്ഷേത്രത്തിനു സമീപമുള്ള 'അനധികൃത നിര്‍മാണങ്ങള്‍' നീക്കം ചെയ്തുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും നിര്‍ത്തിവയ്ക്കാനും കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബുള്‍ഡോസര്‍ രാജ് പാടില്ലെന്നുമുള്ള സുപ്രിംകോടതി വിധി വന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് പള്ളിയും ദര്‍ഗയും ഖബര്‍സ്ഥാനും ഇടിച്ചുനിരപ്പാക്കിയത്. ജില്ലാ കലക്ടര്‍മാര്‍, ഐ.ജിമാര്‍, മൂന്ന് എസ്.പിമാര്‍, ആറ് ഡിവൈ.എസ്.പിമാര്‍, 50 എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ സന്നാഹമാണ് ഈ സമയം സ്ഥലത്തെത്തിയത്. ഇവരെ സഹായിക്കാനായി 1,200 പൊലിസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഏകദേശം 36 ബുള്‍ഡോസറുകളെയും 70 ട്രാക്ടറുകളെയുമാണ് പൊളിച്ചുനീക്കല്‍ നടപടികള്‍ക്കായി ഉപയോഗിച്ചത്. പൊളിക്കലിന് മുന്നോടിയായി ഈ ഭാഗത്തേക്കുള്ള ഗതാഗതം തടയുകയും ചെയ്തു.
21 അനധികൃത വീടുകളും 153 അനധികൃത കുടിലുകളും പൊളിക്കാനാണ് നടപടിയെന്ന് കലക്ടര്‍ ഹാര്‍ജി വധ്വാനിയ പറഞ്ഞു. പൊളിക്കല്‍ നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പള്ളിയുടെ താഴികക്കുടങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവസ്ഥലത്ത് നൂറുകണക്കിനുപേര്‍ തടിച്ചുകൂടിയെങ്കിലും സമാധാനപരമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. എന്നാല്‍, നിരോധിത സ്ഥലത്ത് പ്രവേശിച്ചെന്നാരോപിച്ച് 135 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."