ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഇസ്‌റാഈലിനെ മാത്രമല്ല ലോക രാജ്യങ്ങളെ ഒന്നായി വിറപ്പിച്ച് കഴിഞ്ഞ രാത്രിയില്‍ തീമഴയായി പെയ്തിറങ്ങിയത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍. പ്രതീക്ഷിക്കാത്തത്രയും തീവ്രമായ ആക്രമണത്തില്‍ ഇസ്‌റാഈലിലെ മുഴുവന്‍ നഗരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ രാവായിരുന്നു കഴിഞ്ഞു പോയത്.
മുഴുവന്‍ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിര്‍ദേശം. ഒരു കോടിയിലേറെ ജനങ്ങള്‍ ബങ്കറുകളിലൊളിച്ചതായാണ് റിപ്പോര്‍ട്ട്. ബെന്‍ ഗുരിയോണ്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തി. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടു. റെയില്‍ ഗതാഗതവും നിര്‍ത്തി.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകള്‍ ബങ്കറുകളുടെ സുരക്ഷയിലാണ് കഴിച്ചുകൂട്ടിയത്. ഭീഷണി മുഴക്കുക എന്നതിലപ്പുറം ഇറാന്‍ തിരിച്ചടിക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ ധാരണകളേയും ഇറാന്‍ തകര്‍ത്തെറിഞ്ഞതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും.
അതേസമയം, മിസൈല്‍ ആക്രമണം പരാജയമാണെന്ന വാദം പതിവു പോലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും അവകാശപ്പെടുന്നുണ്ട്. ഇറാഖിലും ജോര്‍ദാനിലും യു.എസ് സെന്‍ട്രല്‍ കമാന്റ് ഇടപെടല്‍ മൂലം നിരവധി ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായാണ് പെന്റഗണ്‍ പറയുന്നത്. എന്നാല്‍ മധ്യ ഇസ്‌റാഈലിലെ ഗദേരയിലെ ഒരു സ്‌കൂള്‍ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.
മിസൈലുകള്‍ പലതും ലക്ഷ്യം കണ്ടതായി ഇറാന്‍ അവകാശപ്പെടുന്നു. സൈനിക കേന്ദ്രങ്ങളില്‍ പതിച്ച മിസൈലുകള്‍ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെയും വധത്തിനുള്ള തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികാരത്തിനു തുനിഞ്ഞാല്‍ ഇസ്‌റാഈലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമാണെന്നും ഇറാന്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."