'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക' യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്
'തൂഫാന്‍ തിരിച്ചെത്തുകയും ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരികയാണെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ തിരമാലകളിലെ ആദ്യത്തെ തുള്ളി ഞാനാണെന്നും,നിങ്ങള്‍ ഈ യാത്ര പൂര്‍ത്തിയാക്കുന്നത് കാണാന്‍ വേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്നും നിങ്ങള്‍ അറിയുക. ശത്രുവിന്റെ തൊണ്ടയിലെ മുള്ളായി നാം മാറുക. പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത ഒരു പ്രളയമാവുക. ഈ ഭൂമിയുടെ അവകാശികള്‍ നമ്മളാണെന്ന് ലോകം അംഗീകരിക്കുന്ന കാലത്തോളം നിങ്ങള്‍ ശാന്തമാകരുത്'
ഇസ്‌റാഈല്‍ കിങ്കരന്‍മാര്‍ക്കു മുന്നില്‍ അവസാന ശ്വാസം വരേക്കും പോരാടി രക്തസാക്ഷിത്വം വരിച്ച ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ അവസാന കുറിപ്പുകളിലെ വാക്കുകളാണിത്. സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം കൈവിടാതെ സയണിസ്റ്റ് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടരാന്‍ തന്റെ ജനതയോട് ആഹ്വാനം ചെയ്യുന്ന വാക്കുകള്‍. അദ്ദേഹത്തിന്റെ വസിയ്യത്ത്.
ഞാന്‍ യഹ്‌യ. അഭയാര്‍ഥിയാകാന്‍ വിധിക്കപ്പെട്ട ഒരാളുടെ മകന്‍. നിരന്തരമായ പോരാട്ടങ്ങളെ കിനാവാക്കി മാറ്റിയവന്‍. ഈ കത്തെഴുതുമ്പോള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയ ഓരോ നിമിഷവും എന്റെ ഓര്‍മകളില്‍ ഇരച്ചെത്തുകയാണ്. തെരുവുകളിലെ ബാല്യവും, ദീര്‍ഘകാലത്തെ ജയില്‍ വാസവും, ഈ മണ്ണില്‍ ഉറ്റിവീണ രക്തത്തുള്ളികളും എന്റെ ഓര്‍മയുടെ അറകളില്‍ നിറയുകയാണ്.
ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാമ്പില്‍ 1962ലായിരുന്നു എന്റെ ജനനം. രാഷ്ട്രീയക്കാരുടെ മേശപ്പുറത്ത് പൊടിപിടിച്ച് കിടക്കുന്ന അതിരടയാളങ്ങള്‍ മാഞ്ഞു പോയ ഭൂപടം മാത്രമായി ഫലസ്തീന്‍ വിസ്മരിക്കപ്പെട്ടു പോയ നാളുകളിലൊന്നില്‍. ഹൃദയത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ആയുധമേന്തേണ്ടവരാണ് ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞുമെന്ന് അന്നേ ഞാന്‍ മനസ്സിലാക്കി. സ്വാതന്ത്ര്യത്തിലേക്കുള്ള പാത ഏറെ ദൈര്‍ഘ്യമേറിയതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
നമ്മുടെ മുറിവുകള്‍ക്കു മുന്നില്‍ അന്ധരായിപ്പോയ ലോകത്തിന്റെ കണ്ണു തുറപ്പിക്കാന്‍ നാം പ്രഥമമായി കയ്യിലേന്തിയ ആയുധം കല്ലുകളായിരുന്നു. അധിനിവേശക്കാര്‍ക്കു നേരെ കുഞ്ഞു കൈകളിലേന്തിയ ആ കല്ലിന്റെ മൂര്‍ച്ചയുടെ കരുത്തില്‍ നിന്നാണ് ഞാന്‍ വസിയ്യത്ത് നിങ്ങള്‍ക്കായി കുറിക്കുന്നത്- അദ്ദേഹം തുടരുന്നു.
ഒരാളുടെ ജിവിതം അളക്കപ്പെടുന്നത് അയാള്‍ എത്രകാലം ജീവിച്ചു എന്നതിലല്ല, പിറന്ന മണ്ണിനുവേണ്ടി എന്തു ചെയ്തുവെന്നതിലാണെന്ന് ഗസ്സയിലെ തെരുവുകള്‍ എന്നെ പഠിപ്പിച്ചു. ജയിലറകളും പോരാട്ടങ്ങളും നോവുകളും പ്രത്യാശകളും ചേര്‍ന്നതായിരുന്നു എന്റെ ജീവിതം. 1988ലാണ് ആദ്യമായി ജയിലിലടക്കപ്പെടുന്നത്. ജീവപര്യന്തം തടവായിരുന്നു. എന്നാല്‍ ലവലേശം പോലും ഭയം എന്നെ കീഴ്‌പെടുത്തിയില്ല. ജയിലറകളിലെ കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെയാണ് പിന്നീട് അദ്ദേഹത്തിന്റെ കുറിപ്പ് പുരോഗമിക്കുന്നത്.
ജയിലുകളെ പേടിക്കരുതെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘ യാത്രയിലെ ഒരു ഭാഗം മാത്രമാണവയെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. കാരണം, അധിനിവേശം അതിരുകള്‍ തീര്‍ത്ത ജന്മനാടിന്റെ സ്വാതന്ത്യത്തിന്റെയും വിശുദ്ധ ഖുദ്‌സിന്റെ വിമോചനത്തിന്റെയും സുദീര്‍ഘവും ദുര്‍ഘടവുമായ പാത താണ്ടാനുള്ള ഒരു ചുവടു വയ്പ് മാത്രമാണത്.
'ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഞാന്‍ ജയിലില്‍ കടന്നപ്പോള്‍ തെല്ലും ഭയപ്പെട്ടിരുന്നില്ല. ആ ഇരുളടഞ്ഞ ജയിലറകളിലെ ഓരോ ഭിത്തിയിലും വിദൂരമായ ചക്രവാളത്തോളം കാഴ്ചയെത്തുന്ന ഒരു ജാലകം ഞാന്‍ കണ്ടു. ഓരോ ഇരുമ്പഴിയിലും സ്വാതന്ത്ര്യത്തിലേക്കുള്ള പാതകളെ പ്രഭാപൂരിതമാക്കുന്ന പ്രകാശം ഞാന്‍ കണ്ടു
നമ്മില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ട ജന്മാവകാശം മാത്രമല്ല സ്വാതന്ത്ര്യം. വേദനയില്‍ ജന്മമെടുത്തതും സഹനത്തിലൂടെ മൂര്‍ച്ച കൂട്ടിയതുമായ ഒരു ആശയം കൂടിയാണ്. ഇത് ജയില്‍ എന്നെ പഠിപ്പിച്ചു. നമ്മുടേത് താല്‍ക്കാലിക സമരമല്ലെന്നും അവസാന തുള്ളി രക്തവും ചിന്തുന്ന വിധി നിര്‍ണായക പോരാട്ടമായിരിക്കുമെന്നും ബോധ്യപ്പെട്ട മനസ്സുമായാണ് 2011ല്‍ ഞാന്‍ ജയിലില്‍ നിന്ന് പുറത്തു വന്നത്.
മരിക്കാത്ത സ്വപ്‌നവും ഒരു തോക്കിനു മുന്നിലും അടിയറവ് വെക്കാത്ത അന്തസ്സുമാണ് നമ്മുടെ കൈമുതല്‍.
നാം ചെറുത്തുനില്‍പ് അവസാനിപ്പിക്കുകയും നമ്മുടെ പ്രശ്‌നങ്ങളെ അറ്റമില്ലാത്ത ചര്‍ച്ചകളില്‍ തളച്ചിടുകയും ചെയ്യണമെന്നാണ് ശത്രുക്കള്‍ അഗ്രഹിക്കുന്നത്.
എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: ന്യായമായ അവകാശങ്ങളുടെ പേരിലും നിങ്ങള്‍ വിലപേശലിന് തയ്യാറാവരുത്. ആയുധങ്ങളേക്കാള്‍ അവര്‍ ഭയക്കുന്നത് നിങ്ങളുടെ നെഞ്ചുറപ്പിനെയാണ്. ചെറുത്തുനില്‍പ്പ് എന്നത് നമ്മള്‍ വഹിക്കുന്ന ഒരു ആയുധം മാത്രമല്ല, ഫലസ്ത്വീനോടുള്ള സ്‌നേഹം കൂടിയാണ്. ഉപരോധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയില്‍ അചഞ്ചലരായി ഉറച്ചു നില്‍ക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഹേതു.
മുള്ളുകള്‍ നിറഞ്ഞ ഈ പാതയില്‍ നമ്മെ ദൗത്യം ഏല്‍പിച്ച് കടന്നുപോയവരാണ് രക്തസാക്ഷികള്‍. അവര്‍ ചിന്തിയ രക്തത്തോട് നാം നീതിപുലര്‍ത്തണം. രാഷ്ട്രീയക്കാരുടെ കുടില താല്‍പര്യങ്ങളിലും നയതന്ത്ര കളികളിലും കുരുങ്ങി അവരുടെ ത്യാഗങ്ങളെ നാം പാഴാക്കരുത്. മുന്‍ഗാമികള്‍ തുടങ്ങിവെച്ച മഹത്തായ ദൗത്യം മുന്നോട്ടു കൊണ്ടുപോകാനാണ് നാം ഇവിടെ നില്‍ക്കുന്നത്. എന്തു സംഭവിച്ചാലും ഈ പാതയില്‍നിന്ന് നാം പിന്മാറില്ല. ലോകം കൊട്ടിയടച്ചപ്പോളും ഫലസ്തീന്റെ ഹൃദയമിടിപ്പായി ഗസ്സ നിലനിന്നു. അതങ്ങനെ തന്നെ തുടരും- അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
2017 ല്‍ ഞാന്‍ ഹമാസിന്റെ നേതൃത്വമേറ്റെടുത്തപ്പോള്‍ അത് വെറുമൊരു അധികാര കൈമാറ്റമായിരുന്നില്ല. കല്ലുകള്‍ കൊണ്ട് തുടങ്ങി തോക്കുകള്‍ കൊണ്ട് തുടര്‍ന്ന ചെറുത്തുനില്‍പ്പുപോരാട്ടത്തിന്റെ ഒരു തുടര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ഓരോ കാല്‍വെപ്പിനും വില നല്‍കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്. വേരുകള്‍ മണ്ണിലാഴുന്നതു പോലെ നാം മണ്ണിനെ മുറുകെ പിടിക്കുക. ഒരിക്കലും കീഴടങ്ങരുത്. ജീവിക്കാനുറപ്പിച്ചിറങ്ങിയ ഒരു ജനതയെ പിഴുതെറിയാന്‍ ഒരു ശക്തിക്കും കഴിയില്ല.
തൂഫാനുല്‍ അഖ്‌സ്വയില്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവായല്ല, ജന്മനാട്ടിന്റെ വിമോചനം സ്വപ്‌നം കണ്ട ഓരോ ഫലസ്ത്വീനിയുടെയും ശബ്ദമായാണ് ഞാന്‍ നിലകൊണ്ടത്. ചെറുത്തുനില്‍പ് ഐഛികമായല്ല, ഉത്തരവാദിത്തമായാണ് ഞാന്‍ കണ്ടത്. കുഞ്ഞുങ്ങളെന്നോ വയോധികരെന്നോ വേര്‍തിരിവില്ലാതെ ചെറുത്തുനില്‍പ് സംഘടനകള്‍ ഉള്‍പ്പെടെ ഒരു ജനത ഒന്നടങ്കം ശത്രുവിനെതിരെ ഒന്നിക്കുന്ന ഈ പോരാട്ടം ഫലസ്ത്വീന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്നതാകണമെന്ന് ഞാന്‍ അഗ്രഹിച്ചു.
വ്യക്തിപരമായ പൈതൃകമല്ല, മറിച്ച് സ്വാതന്ത്ര്യം സ്വപ്‌നം കണ്ട ഓരോ ഫലസ്ത്വീനിക്കും വേണ്ടി, രക്തസാക്ഷികളായി മക്കളെ തോളിലേറ്റിയ ഉമ്മമാര്‍ക്കു വേണ്ടി, ശത്രുവിന്റെ വെടിയുണ്ടകളേറ്റു ധീര രക്തസാക്ഷികളായ പെണ്‍മക്കളെയോര്‍ത്ത് വിതുമ്പിയ പിതാക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞാന്‍ അവശേഷിപ്പിച്ച് പോകുന്നത്. ചെറുത്തുനില്‍പ് വൃഥാവിലാകില്ലെന്ന ഓര്‍മ നിങ്ങള്‍ക്ക് എന്നുമുണ്ടായിരിക്കണം. അതാണ് എന്റെ അവസാന വസിയ്യത്ത്.
ലോകം നീതി കാട്ടുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്. നമ്മുടെ വേദനകള്‍ കണ്ടിട്ടും ലോകം നിശബ്ദത പാലിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. നീതിക്കായി കാത്തിരിക്കാതെ നിങ്ങള്‍ നീതിയായി മാറുക. സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന സ്വപ്‌നം നെഞ്ചകങ്ങളിലേറ്റുക. മുറിവുകള്‍ ആയുധമാക്കുകയും കണ്ണീര്‍ത്തുള്ളികള്‍ പ്രതീക്ഷയുടെ ഉറവകളാക്കുകയും ചെയ്യുക.
ഇതാണ് എന്റെ സാക്ഷ്യവും സന്ദേശവും. നിങ്ങള്‍ ആയുധങ്ങള്‍ കയ്യൊഴിഞ്ഞ് കീഴടങ്ങുകയോ കല്ലുകള്‍ പാഴാക്കുകയോ രക്തസാക്ഷികളെ മറക്കുകയോ ചെയ്യരുത്.
നമ്മുടെ അവകാശമായ സ്വപ്‌നങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. സ്വപ്‌നങ്ങളുമായി നിങ്ങള്‍ മുന്നോട്ടു പോവുക. മരണം വരെ ഞാന്‍ സ്‌നേഹിച്ച എന്റെ ജന്മനാടും ഉറച്ച മല പോലെ ചുമലിലേറ്റിയ ഫലസ്ത്വീന്‍ എന്ന സ്വപ്‌നവും നിങ്ങളില്‍ ഭരമേല്‍പിക്കുന്നു.
ഞാന്‍ വീണു പോയാല്‍ എന്നോടൊപ്പം നിങ്ങളും വീഴരുത്. എന്നില്‍ നിന്ന് പോരാട്ടത്തിന്റെ പതാക നിങ്ങള്‍ ഏറ്റുപിടിക്കുക. ഒരിക്കലും വീഴാത്ത പതാക എനിക്കായി ഉയര്‍ത്തുക. നമ്മുടെ ചാരത്തില്‍നിന്ന് പിറവിയെടുക്കുന്ന തലമുറക്കായ എന്റെ രക്തത്തുള്ളികള്‍ ഒരു പാലമാക്കി മാറ്റുക.
ജന്മനാട് എന്നത് അയവിറക്കാനുള്ള ഒരു കഥയല്ല, മറിച്ച് നമുക്ക് ജീവിക്കാനുള്ള യാഥാര്‍ഥ്യമാണ്. അനേകായിരം രക്തസാക്ഷികളെ പേറുന്ന ഈ നാടിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ആയിരം ചെറുത്തുനില്‍പ്പ് പോരാളികള്‍ ഉയിരെടുക്കുമെന്ന് നിങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക.
തൂഫാന്‍ തിരിച്ചെത്തുകയും ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരികയാണെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ തിരമാലകളിലെ ആദ്യത്തെ തുള്ളി ഞാനാണെന്നും,നിങ്ങള്‍ ഈ യാത്ര പൂര്‍ത്തിയാക്കുന്നത് കാണാന്‍ വേണ്ടിയാണ് ഞാന്‍ ജീവിച്ചതെന്നും നിങ്ങള്‍ അറിയുക. അധിനിവേശക്കാരുടെ തൊണ്ടയിലെ ഒരു മുള്ളായി നാം മാറുക, ഈ ഭൂമിയുടെ അവകാശികള്‍ നമ്മളാണെന്ന് ലോകം അംഗീകരിക്കുന്ന കാലത്തോളം നിങ്ങള്‍ ശാന്തമാകരുത്. പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമായി മാറുക. വാര്‍ത്താ ബുള്ളറ്റിനുകളിലെ കേവലം നമ്പറുകളല്ല നമ്മളെന്ന് അവരില്‍ ഭീതിയാവുക.
ശരീരത്തില്‍ ജീവന്റെ അവസാന കണിക ശേഷിക്കുവോളം ശത്രുവിന് നേരെ കൊടുങ്കാറ്റായ ധീരപോരാളിയുടെ വാക്കുകള്‍ ഇങ്ങനെ അവസാനിക്കുന്നു. നദി മുതല്‍ സമുദ്രം വരെ ഫലസ്തീന്‍ സ്വതന്ത്രമാവുന്ന വിമോചനത്തിന്റെ പുതുപുലരിയില്‍ ഖുദ്‌സില്‍ തക്ബീര്‍ ഉയരുന്ന അതിവിദൂരമല്ലാത്തൊരു നാളിലേക്ക് വെളിച്ചം വീശുന്ന കഠിനവും ദൃഢവും മനോഹരവുമായ വാക്കുകള്‍. ഫലസ്തീന്‍ വിമോചന പോരാട്ട ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിച്ചു വെക്കപ്പെടും ഈ വരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."