പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മുഹമ്മദ് മൻസൂർ ആലം (80) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 1945 ഒക്ടോബർ 9ന് ബിഹാറിലെ മധുബാനി ജില്ലയിലായിരുന്നു ജനനം. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, സൗദി അറേബ്യൻ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായും റിയാദിലെ ഇമാം മുഹമ്മദ് ബിൻ സൗദ് സർവകലാശാലയിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് കോംപ്ലക്‌സിൽ ഖുർആൻ വിവർത്തനത്തിന്റെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
ഇസ്‌ലാമിക് സോഷ്യൽ സയൻസ്, ന്യൂനപക്ഷ ഗവേഷണം എന്നീ മേഖലകളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ്, താഅവുൻ ട്രസ്റ്റ്, ഓൾ ഇന്ത്യ മില്ലി കൗൺസിൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം വഹിച്ചു.
1986ൽ അദ്ദേഹം സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ഇന്ത്യൻ മുസ്‌ലിംകളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ബൗദ്ധിക ശാക്തീകരണത്തിൽ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കീഴിൽ 410ലധികം ഗവേഷണ പദ്ധതികളും 400ലേറെ പ്രസിദ്ധീകരണങ്ങളും 1200ൽ പരം സെമിനാറുകളും ഐ.ഒ.എസ് സംഘടിപ്പിച്ചിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യം, ആഗോള വിവരണങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം എന്നിവ ചർച്ച ചെയ്യുന്ന 'The Final Wakeup Call' അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ഒന്നാണ്. ഇസ്‌ലാമിക് ഇക്കണോമിക്‌സ്, മനുഷ്യാവകാശം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭാര്യയും അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."