ഐഷ പോറ്റി വർഗ വഞ്ചന ചെയ്തു, സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും; കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ. പാർട്ടി എല്ലാം അവർക്ക് നൽകി. പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവും അവർക്ക് ഇല്ല. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത് എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഐഷ പോറ്റി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസിന്റെ സമര വേദിയിൽ എത്തിയാണ് അവർ പാർട്ടിയിലേക്ക് മാറിയ കാര്യം പ്രഖ്യാപിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎൽഎ അങ്ങനെ എല്ലാ സ്ഥാനങ്ങളും ഐഷ പോറ്റിക്ക് പാർട്ടി നൽകി എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ പാർട്ടി വിടുന്നു എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുകയെന്നും അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും അവർ ചോദിച്ചു. ഐഷാ പോറ്റി വർഗ വഞ്ചന ചെയ്തിരിക്കുകയാണ്. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും അവർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് വേദിയിലെത്തിയെ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ നൽകി സ്വീകരിച്ചു. കെ.സി വേണുഗോപാൽ അംഗത്വം നൽകി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മൂന്ന് തവണ എംഎൽഎയുമായിരുന്നു ഐഷ പോറ്റി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധത്തിനാണ് ഐഷ പോറ്റി ഇന്ന് തിരശീലയിട്ടത്.
സിപിഎം പാർട്ടി സന്തോഷം നൽകിയത് പോലെ ദുഖവും നൽകിയെന്ന് ഐഷ പോറ്റി പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായേക്കും. എന്നാൽ ആക്രമണങ്ങളെ ഭയക്കുന്നില്ല. ആക്രമണങ്ങൾ കൂടുതൽ ശക്തയാക്കും. വർഗ വഞ്ചകി എന്ന് വിളിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു. മനുഷ്യരോട് സ്നേഹത്തോട് പെരുമാറണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ഐഷ പോറ്റി. പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പാർട്ടി ചുമതലകളിൽ നിന്നും പൂർണമായും പിൻവാങ്ങിയിരിക്കെയാണ് പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചതും പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ഇവരെ സിപിഎം തഴഞ്ഞു. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടതോടെയാണ് ഐഷ പോറ്റി പാർട്ടി വിടുന്നതിലേക്ക് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."