ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: നഗരം കുരുങ്ങിക്കുഴഞ്ഞു കുരുക്കഴിഞ്ഞത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് സിഗ്നല്‍ സംവിധാനങ്ങളും തകരാറിലായി
തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം നഗരത്തെ കുരുക്കിലാക്കി. മൂന്നുമണിക്കൂറിലേറെയാണ് നഗരം നിശ്ചലമായത്.
പ്രവര്‍ത്തി ദിനം ആയതിനാല്‍ സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരുമടങ്ങുന്ന നൂറു കണക്കിനു പേരാണ് ദുരിതത്തിലായത്. തമ്പാനൂര്‍, വഴുതക്കാട്, മ്യുസിയം, പിഎംജി തുടങ്ങിയ ഭാഗത്തു നിന്നെത്തിയ വാഹനങ്ങളാണു ഏറെയും തിരക്കില്‍പ്പെട്ടത്. കുരുക്കില്‍പ്പെട്ട പലര്‍ക്കും ഉച്ചവരെ ലീവ് ആക്കേണ്ടിയും വന്നു.
ഇന്നലെ രാവിലെ 10:30 യോടു കൂടിയായിരുന്നു ഉപരാഷ്ട്രപതി പാളയം വഴി കടന്നു പോയത്. ഇതിനു മുന്നോടിയായി ബസ് സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. പാളയം വഴി തമ്പാനൂരിലേക്കും കിഴക്കേ കോട്ടയിലേക്കുമുള്ള യാത്രയ്ക്ക് താല്‍ക്കാലിക നിയന്ത്രണംകൂടി ഏര്‍പ്പെടുത്തിയപ്പോള്‍ പലര്‍ക്കും എത്തേണ്ട സ്ഥലങ്ങളില്‍ കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞില്ല.
ഉപരാഷ്ട്രപതിയുടെ വാഹനം കടന്നുപോയി മൂന്നു മണിക്കൂറിലേറെ കഴിഞ്ഞാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.ഗതാഗതക്കുരുക്കു കൂടിയപ്പോള്‍ എളുപ്പമാര്‍ഗങ്ങളായ ഇടവഴികളിലൂടെയായി വാഹനങ്ങളുടെ യാത്ര. ഇതോടെ നഗരത്തിലെ ഇടറോഡുകളിലും ഗതാഗതക്കുരുക്കായി.
ഇതിന് പുറമേ ഇന്നലെ പല ഭാഗത്തും ട്രാഫിക് സിഗ്നലുകള്‍ തകരാറിലാവുകയും ചെയ്തു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാവാനും കാരണമായി.
വഴുതക്കാട്, തമ്പാനൂര്‍ എന്നിവിടങ്ങളിലെ ട്രാഫിക് ലൈറ്റുകളാണ് തകരാറിലായത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലിസുകാരും ഉണ്ടായിരുന്നില്ല. ഗതാഗതം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."