ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമി വിവാദം അഞ്ച് വില്ലേജുകളിലെ ഭൂരേഖ പരിശോധന തുടങ്ങി ജോയ്‌സ് ജോര്‍ജ്
തൊടുപുഴ: ജോയ്‌സ് ജോര്‍ജ് എം.പിയുടെ പേരില്‍ നിലനില്‍ക്കുന്ന ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ അഞ്ച് വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധന ആരംഭിച്ചു.
എന്നാല്‍ ജോയ്‌സ് ജോര്‍ജിന്റെ കുടുംബം രേഖകള്‍ ഹാജരാക്കിയില്ല. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രേഖ ഹാജരാക്കണമെന്ന നിര്‍ദേശമെന്ന് ആവശ്യപ്പെട്ട് പരിശോധനക്ക് നേതൃത്വം നല്‍കുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എം.പിയുടെ കുടുംബം കത്ത് നല്‍കുകയും ചെയ്തു.
കൊട്ടക്കാമ്പൂര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തൂര്‍ വില്ലേജുകളിലെ മുഴുവന്‍ ഭൂരേഖകളുടെ നിജസ്ഥിതിയും പരിശോധിക്കാന്‍ ഭൂമിവിവാദം അന്വേഷിച്ച റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത.പി.ഹരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഓരോ ഘട്ടത്തിലും 25 പേരുടെ ഭൂരേഖ പരിശോധിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരുന്ന എം.പിയുടെ കുടുംബാംഗങ്ങളടക്കം ചിലര്‍ ഹാജരായില്ല. മറ്റ് ചിലര്‍ സമയം നീട്ടി ചോദിച്ചു. ആധാരം, പട്ടയം, കൈവശാവകാശ രേഖ, കരം കെട്ടിയ രസീത് തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലാന്റ് റവന്യു കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രേഖ പരിശോധന നടത്തുന്നതെന്നും ഇതിന്റെ പകര്‍പ്പ് സഹിതം എം.പിയുടെ കുടുംബത്തിന് മറുപടി നല്‍കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കെയാണ് ജോയ്‌സ് ജോര്‍ജിന്റെ പേരില്‍ ഭൂമി വിവാദം ഉയരുന്നത്. കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ആദിവാസി ഭൂമി വ്യാജ രേഖ ചമച്ച് എം.പിയുടെ പിതാവടക്കമുളള കുടുംബാംഗങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്.
അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍ അന്വേഷണത്തിനായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."