കണ്ടത് പുലിയല്ല; പൂച്ചപ്പുലിയെന്ന് വനംവകുപ്പ്
തൊടുപുഴ: വെള്ളിയാമറ്റം റോഡിലെ അഞ്ചിരിക്കവല ഭാഗത്ത് നാട്ടുകാര്‍ കണ്ടതെന്ന് പൂച്ചപ്പുലിയെയാകാമെന്ന് വനംവകുപ്പ് അധികൃതര്‍.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അധികൃതര്‍ ഈ നിഗമനത്തില്‍ എത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി കാല്‍പാടുകളുടെ ദൃശ്യങ്ങള്‍ തേക്കടിയിലെ വന്യജീവി ഓഫിസിലേക്ക് കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലാണ് അഞ്ചിരി കവലയ്ക്കും കലയന്താനിക്കും ഇടയില്‍ കശാപ്പുശാലയ്ക്ക് സമീപത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചത്. ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് പുലിയെ കണ്ടതെന്ന് പറയുന്നു. പിന്നീട് വനപാലകരും പൊലിസും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയിട്ടും ഒരു ജീവിയെയും കണ്ടെത്തിയില്ല.
സ്ഥലത്ത് നിന്ന് ലഭിച്ച കാല്‍പാടുകളാണ് പുലിയുടേതാകാമെന്ന സംശയത്തിന് വഴിവെച്ചത്. എന്നാല്‍, ഇത് പൂച്ചപ്പുലിയുടേതാണെന്ന നിഗമനത്തില്‍ തന്നെയാണ് വനപാലകര്‍.
ഇതിനു ശേഷം ഇന്നലെ വൈകിട്ട് കലയന്താനി തേവരുപാറ ഭാഗത്ത് പുലിയെ കണ്ടതായും അഭ്യൂഹം പരന്നെങ്കിലും ഇതിനും സ്ഥിരീകരണമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."