അഖില കേരള ബാസ്‌ക്കറ്റ്‌ബോള്‍: മുട്ടം ഷന്താള്‍ ജ്യോതിക്ക് കിരീടം
തൊടുപുഴ: തൃശൂര്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച 33-ാമത് ഡോണ്‍ ബോസ്‌കോ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം കിരീടം ചൂടി.
ലീഗ് മത്സരങ്ങളില്‍ ശക്തരായ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിനെയും ഡോണ്‍ബോസ്‌കോ 'ബി' ടീമിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മുട്ടം ഷന്താള്‍, ക്വാര്‍ട്ടറില്‍ 72-66 ന് തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിനെയും സെമിയില്‍ 70-68 ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനേയുമാണ് മറികടന്നത്. ഫൈനല്‍ മത്സരത്തില്‍ ആതിഥേയ ടീമായ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിനെ 100-74 എന്ന സ്‌കോറിന് വ്യക്തമായ മേധാവിത്വത്തോടെയാണ് മുട്ടം ഷന്താള്‍ ജ്യോതി അടിയറവ് പറയിച്ചത്. ഫൈനല്‍ മത്സരത്തില്‍ ജേതാക്കള്‍ക്കുവേണ്ടി 59 പോയിന്റ് നേടി നായകന്‍ അശ്വിന്‍ ബിനു മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ജോയല്‍ ജോസ് 19 പോയിന്റും ഡൊമിനിക് ഡി 14 പോയിന്റും നേടി മികച്ച പിന്തുണയേകി. റണ്ണര്‍ അപ്പ് ആയ ആതിഥേയര്‍ക്കു വേണ്ടി 19 പോയിന്റ് നേടി നഫ്രീദ് ഗുലാമും 18 പോയിന്റ് നേടി അലന്‍ ഷാജിയും 11 പോയിന്റ് നേടി അനന്തകൃഷ്ണനും പരാജയത്തിലും മികച്ചു നിന്നു.
'ഫിബ' അന്താരാഷ്ട്ര റഫറീസ് കമ്മിഷണറും കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ഇടുക്കി ബാസ്‌ക്കറ്റ്‌ബോള്‍ സെക്രട്ടറിയുമായ ഡോ. പ്രിന്‍സ് കെ മറ്റം പരിശീലിപ്പിക്കുന്ന മുട്ടം ഷന്താള്‍ ജ്യോതി ടീമിന്റെ ഈ സീസണിലെ എട്ടാമത്തെ കിരീടനേട്ടമാണ് ഈ വിജയം. അശ്വിന്‍ ബിനു (ക്യാപ്റ്റന്‍), അലന്‍ സൈജന്‍, എബിന്‍ ജോയ്, ആല്‍ബിന്‍ മാത്യു, ജോയല്‍ ജോസ്, ജോയല്‍ ജോയ്, ഡൊമിനിക് ഡി, അഭിലാഷ് ജോയ്, ബെന്‍ ജോര്‍ജ്ജ്, ടോണി ബെന്നി, എഡ്‌വിന്‍ തോംസണ്‍, ജോര്‍ഡി ജെയ്‌സ്. ഡോ. പ്രിന്‍സ് കെ മറ്റം (പരിശീലകന്‍), ജോബിന്‍ ജോര്‍ജ്ജ് (ടീം മാനേജര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."