ജയത്തോടെ ഷ്വെയ്ന്‍സ്റ്റിഗര്‍ പടിയിറങ്ങി
മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസവും നായകനുമായ ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റിഗര്‍ രാജ്യത്തിനായി അവസാന മത്സരം കളിച്ച് വിജയത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ പടിയിറങ്ങി. ഫിന്‍ലന്‍ഡിനെതിരേ കരിയറിലെ 121ാം മത്സരം കളിച്ചാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ വിടവാങ്ങിയത്. 2004 ജൂണില്‍ ഹംഗറിക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ ജര്‍മനിക്കായി അരങ്ങേറിയത്. ജര്‍മനിക്കായി ഏറ്റവുമധികം മത്സരം കളിച്ച നാലാമത്തെ താരമാണ് ഷ്വെയ്ന്‍സ്റ്റിഗര്‍.
24 വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ മധ്യനിരയെ നിയന്ത്രിച്ച താരം എന്ന നേട്ടം സ്വന്തമാക്കിയ ശേഷമാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ വിട പറയുന്നത്. ജൂലൈ 29നു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് താരം പറഞ്ഞിരുന്നു. ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ് ഷ്വെയ്ന്‍സ്റ്റിഗര്‍. 2002ല്‍ ബയേണ്‍ ജര്‍മന്‍ യൂത്ത് ചാംപ്യന്‍ഷിപ്പ് നേടിയതോടെയാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് സീനിയര്‍ ടീമിലെ പകരക്കാരനായി ഇടംപിടിക്കുകയും പിന്നീട് ക്ലബിന്റെയും ജര്‍മന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയുമായിരുന്നു.
ഫിന്‍ലന്‍ഡിനെതിരേ 68 മിനുട്ടോളം നിറഞ്ഞു കളിച്ച ശേഷമാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ കളം വിട്ടത്. കൈയടികളോടെയാണ് താരത്തെ കാണികള്‍ യാത്രയാക്കിയത്. മത്സര ശേഷം വികാരഭരിതനായിട്ടാണ് ഷ്വെയ്ന്‍സ്റ്റിഗര്‍ ചടങ്ങില്‍ സംസാരിച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ലോകകപ്പെന്ന് താരം വ്യക്തമാക്കി.
ജര്‍മനിക്കായി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. കരിയറിലെ അവസാന മത്സരം കാണാനെത്തിയ കാണികള്‍ക്ക് പ്രത്യേകം നന്ദിയുണ്ട്. വിരമിക്കല്‍ തീരുമാനം ഏറ്റവും വിഷമം നിറഞ്ഞ കാര്യമാണ്.
പക്ഷേ അത് ഇത്രത്തോളം മനോഹരമാക്കിയത് ഇവിടെയെത്തിയ കാണികളാണെന്നും ഷ്വെയ്ന്‍സ്റ്റിഗര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."