ഓര്‍മകളില്‍ ഇന്നും മഞ്ഞുപാതകള്‍ താണ്ടിയ നാളുകള്‍
കക്കട്ടില്‍: വര്‍ഷം ഇരുപത്തിയഞ്ചു കഴിഞ്ഞെങ്കിലും അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തില്‍ ചിലവഴിച്ച ദിനരാത്രങ്ങള്‍ രാധാകൃഷ്ണനും ഒ. കൃഷ്ണന്‍കുട്ടി എന്ന ഒ.കെ കുട്ടിയും ഇന്നും മനസില്‍ സൂക്ഷിക്കുന്നു. 1989 നവംബര്‍ 30 നു 81 പേരടങ്ങുന്ന ഇന്ത്യന്‍ പര്യവേഷണ സംഘത്തിലെ മലയാളികളായിരുന്നു നരിപ്പറ്റ സ്വദേശി രാധാകൃഷ്ണനും കുന്ദമംഗലം സ്വദേശി ഒ.കെ കുട്ടിയും. ഇന്ത്യന്‍ ആര്‍മിയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം ഇന്‍സ്ട്രക്ടര്‍മാരായിരുന്നു ഇരുവരും.
ഉത്തരേന്ത്യന്‍ സ്വദേശി ഡോ. രാസിക് രവീന്ദ്രന്‍ നയിച്ച 30 ദിവസം നീണ്ടുനിന്ന പര്യവേഷണ സാഹസിക യാത്രയില്‍ എം.സ് തുള്ളിലാന്റ് എന്ന കപ്പലാണ് ഉപയോഗിച്ചത്. പതിനൊന്ന് മാസക്കാലം അന്റാര്‍ട്ടിക്കാ വന്‍കരയില്‍ തങ്ങിയ യാത്രാസംഘത്തിലെ 4 പേര്‍ മരണപ്പെട്ടുവെങ്കിലും പതറാതെ ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയായിരുന്നു ഈ ഇന്ത്യന്‍ ദൗത്യസംഘം. 1982ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ പര്യവേഷണത്തിന് തുടക്കമിട്ടത്.
ദക്ഷിണധ്രുവത്തെ വലയം ചെയ്ത് കിടക്കുന്ന അന്റാര്‍ട്ടിക്ക എന്ന വെള്ളഭൂഖണ്ഡത്തില്‍ ഇന്ത്യ തയാറാക്കിയ രണ്ടാമത്തെ സ്റ്റേഷനായിരുന്നു 'മൈത്രി'. റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്ക് ഇവിടെ സ്റ്റേഷനുകളുണ്ട്. റഷ്യന്‍ സ്റ്റേഷനായ വോസ്‌റ്റോക്കിലെ പര്യവേക്ഷകരോടൊപ്പം സൗഹൃദം പങ്കിട്ടതും സൂര്യന്‍ പ്രത്യക്ഷമാവുന്ന ദിനങ്ങളിലെ ആഘോഷങ്ങളും മായാതെ മനസില്‍ സൂക്ഷിക്കുന്നുണ്ടിന്നും ഇവര്‍.
അതിദീര്‍ഘമായ പകലുകളും ഹൃസ്വമായ രാത്രിയുമാണ് ഇവിടെ. പശ്ചിമപൂര്‍വ അന്റാര്‍ട്ടിക്കന്‍ പ്രദേശങ്ങള്‍ ഏകദേശം 2000 മീറ്റര്‍ ഘനത്തില്‍ മഞ്ഞുപാളികളാല്‍ മൂടപ്പെട്ടിരിക്കുന്നു. ശൈത്യകാലത്ത് 85 ഡിഗ്രി വരെ താപനില താഴുന്ന ഇവിടെ കൊടുംതണുപ്പിനെ വകവെക്കാതെ ദിവസങ്ങളോളം കിണഞ്ഞു പരിശ്രമിച്ച് മൈത്രി സ്റ്റേഷനുമുകളില്‍ ഭാരതത്തിന്റെ ദേശീയപതാക വരച്ചത് ഇരുവരും അഭിമാനത്തോടെ ഓര്‍ക്കുന്നു. 200ല്‍ അധികം വര്‍ഗത്തില്‍പെട്ട പായലുകളും 700ല്‍ അധികം ആല്‍ഗകളും പെന്‍ഗ്വിന്‍, പെട്ര, സ്‌ക്യൂവ എന്നീ പക്ഷി ഇനങ്ങളുള്ള ഇവിടെ ശുദ്ധജല സ്രോതസിന് പ്രിയദര്‍ശിനി തടാകത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. പര്യവേഷണ കാലത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കളും, മറ്റും ശേഖരിച്ച സംഘത്തിന് ചൂടുവെള്ളം പമ്പ് ചെയ്യുന്ന സംവിധാനം മൈത്രി സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. ദൗത്യനിര്‍വഹണത്തിനു ശേഷം തിരിച്ചെത്തിയ സംഘത്തിന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഒരുക്കിയ സ്വീകരണം മറക്കാത്ത അനുഭവമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
നരിപ്പറ്റ ആര്‍.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജറായി സേവനമനുഷ്ഠിക്കുന്ന രാധാകൃഷണന്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍ വിദ്യാലയങ്ങളില്‍ ഒരുക്കുന്ന സ്വീകരണങ്ങളില്‍ അന്റാര്‍ട്ടിക്കന്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കുന്നതില്‍ സമയം കണ്ടെത്തുന്നു. ഓ.കെ കുട്ടി മുക്കം കെ.എം.സി.ടി എന്‍ജിനിയറിങ് കോളജില്‍ മെക്കാനിക്കല്‍ അസിസ്റ്റന്റായി സേവനമനഷ്ടിക്കുകയും മഞ്ഞു വന്‍കരയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രബന്ധ അവതരണങ്ങള്‍ നടത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."