സ്കൂള്‍ ബസ് നിയന്ത്രണം വിട്ടുളള അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്
കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിലെ ഇറക്കത്തില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ഒരാള്‍ മരിച്ച സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട്. കഴിഞ്ഞ 27ന് രാവിലെയാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കത്തില്‍ വച്ച് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് ഒരു ഓട്ടോറിക്ഷയിലും രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിന് ശേഷം സമീപത്തെ പറമ്പിലാണ് നിന്നത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് മുസ്തഫ(51)മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് മാട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് സംഘം വാഹനം പരിശോധിച്ചു. ബസിന് തകരാര്‍ ഒന്നുമില്ലെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ബസിന് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് നീറാട് അങ്ങാടിയും കഴിഞ്ഞുളള പറമ്പിലാണ് കയറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും പൂര്‍ണമായി തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."