ജില്ലയില്‍ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചു
നിലമ്പൂര്‍: നിലമ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കരിമ്പനി (കാലാ അസര്‍) രോഗം വീണ്ടും വരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ തുടര്‍ നടപടി ആരംഭിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ട നിലമ്പൂര്‍ മേഖലയില്‍ രക്തസാമ്പിളുകള്‍ പരിശോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പരിശീലനം പൂര്‍ത്തിയായി.
ചുങ്കത്തറ ബ്ലോക്ക് ആരോഗ്യകേന്ദ്രത്തിനു കീഴിലാണ് കഴിഞ്ഞ വര്‍ഷം രണ്ടാളുകളില്‍ കരിമ്പനി രോഗം കണ്ടത്. അമരമ്പലം പഞ്ചായത്തിലെ ഒരു ആദിവാസിയിലും ചുങ്കത്തറ, എടക്കര, വഴിക്കടവ് എന്നീ പഞ്ചായത്തുകളില്‍ മാറി താമസിക്കുന്ന ഒരു ആന നോട്ടക്കാരനിലുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇവരുടെ രോഗം മാരകാവസ്ഥയിലെത്തിയതായി കണ്ടെത്തിയിരുന്നു. രാജ്യത്തെ പൊതുജനാരോഗ്യപ്രശ്‌നത്തിലെ ആറ് എണ്ണത്തില്‍ ഉള്‍പ്പെട്ട ഒന്നാണ് കരിമ്പനി. മെച്ചപ്പെട്ട താമസസൗകര്യമില്ലാത്ത വീടുകളില്‍ താമസിക്കുന്നവരിലാണ് രോഗബാധയുണ്ടാവുക. തേക്കാത്ത ചുമരുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന മണ്ണീച്ചയാണ് രോഗം പടര്‍ത്തുന്നത്. പനിബാധിച്ചവര്‍ക്ക് തൊലിപ്പുറത്ത് കറുത്തപാടുകള്‍ വരുന്നത് കൊണ്ടാണ് കറുത്തപനി (കരിമ്പനി) യെന്ന് വിളിക്കുന്നത്. വിളര്‍ച്ച, ഇടവിട്ടുണ്ടാകുന്ന പനി, ശരീരഭാരംകുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം മാരകമാവുന്നതോടെ മരണംവരെ സംഭവിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഈ മാസം പകുതിയോടെ കരിമ്പനി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍ രക്തസാമ്പിള്‍ പരിശോധന തുടങ്ങും. ഓക്‌ടോബര്‍ പകുതിയോടെ സാമ്പിള്‍ പരിശോധന പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രോഗബാധയുണ്ടായ നിലമ്പൂര്‍ മേഖലയില്‍ നിന്നും 375 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കും. പ്രദേശത്ത് രോഗവാഹകരായി ആരെങ്കിലുമുണ്ടോയെന്നറിയാനാണ് വീണ്ടും പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."