ദേശീയ പണിമുടക്ക്: ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണം
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. തൊടുപുഴ, കട്ടപ്പന, മൂന്നാര്‍, നെടുങ്കണ്ടം, രാജാക്കാട്, അടിമാലി, പീരുമേട് മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ബാങ്കിംഗ് മേഖല നിശ്ചലമായി. അധ്യാപകരും വിവിധ സര്‍വ്വീസ് സംഘടനകളും ബഹുജന സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂള്‍ കോളജുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തിയില്ല. പാല്‍,പത്രം,ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ എട്ടുനോമ്പ് തിരുനാള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
തൊടുപുഴയില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ അണിചേര്‍ന്നു. ഗതാഗതം നിലച്ചതോടെ നഗരവീഥികള്‍ വിജനമായി. വിവിധയിടങ്ങളില്‍ പ്രകടനങ്ങളില്‍ നൂറുകണക്കിനുപേര്‍ പങ്കാളികളായി. തൊടുപുഴയില്‍ മുനിസിപ്പല്‍ മൈതാനത്തിന് സമീപം കൂട്ടധര്‍ണ നടത്തി. കപ്പ പുഴുങ്ങിയത് കഴിച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരിയടക്കമുള്ളവര്‍ ധര്‍ണയില്‍ മുഴുവന്‍ സമയം പങ്കെടുത്തു.
ധര്‍ണയില്‍ ഐ.എന്‍.ടി.യു.സി നേതാവ് എന്‍.ഐ ബെന്നി അധ്യക്ഷനായി. സി.ഐ.ടി.യു തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍ ആമുഖപ്രസംഗം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ബാബു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, എസ്.ടി.യു നേതാവ് പി.എന്‍ സീതി, സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി, കെ പി റോയി, പി പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അടിമാലിയില്‍ പൊതുപണിമുടക്ക് സമസ്തമേഖലയേയും സ്തംഭിച്ചു. തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. തോട്ടം മേഖലകളില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.അടി മാലി, ഇരുമ്പുപാലം, പത്താംമൈല്‍, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, ആനച്ചാല്‍,കുഞ്ചിത്തണ്ണി,കല്ലാര്‍, മാങ്കുളം മേഖലകളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. പണിമുടക്കിയ തൊഴിലാളികളും അധ്യാപകരും ജീവനക്കാരും അടിമാലിയില്‍ പ്രകടനവും യോഗവു നടത്തി. നേതാക്കളായ സി.ഡി ഷാജി, വിനു സ്‌കറിയ, ബാബു പി. കുര്യാക്കോസ് , മാത്യു ഫിലിപ്പ്, വി.ബി മോഹനന്‍ , ജോണ്‍സി ഐസക്ക്, കെ എച്ച് സുല്‍ഫി, പി.കെ ബഷീര്‍, ടി.എം ഗോപാലകൃഷ്ണന്‍,പി.കെ സുധാകരന്‍, ഇ.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."