മണല്‍തിട്ട മത്സ്യത്തൊഴിലാളികള്‍ക്കു അപകടഭീഷണിയാകുന്നു
വാടനപ്പള്ളി: ചേറ്റുവ അഴിമുഖത്തിന് സമീപം ഹാര്‍ബറിനു മുന്നില്‍ പുഴയുടെ മധ്യത്തിലായി രൂപപ്പെട്ട മണല്‍തിട്ട മത്സ്യത്തൊഴിലാളികള്‍ക്കു അപകടഭീഷണി ഉയര്‍ത്തുന്നു. ചേറ്റുവ, മുനക്കക്കടവ് മത്സ്യബന്ധന കേന്ദ്രത്തില്‍നിന്ന് കടലില്‍ പോകുന്നവര്‍ക്കാണ് ഭീഷണി. മുന്നൂറോളം മത്സ്യബന്ധന ബോട്ടുകളും ഫൈബര്‍ വള്ളങ്ങളുമാണ് ഇവിടെനിന്ന് കടലില്‍പോകുന്നത്.
അഴിമുഖത്തെ മണല്‍തിട്ടയില്‍ ഇടിച്ച് നിരവധി ബോട്ടുകളാണ് തകര്‍ന്നിട്ടുള്ളത്. ഒട്ടേറെ പേരുടെ ജീവനും നഷ്ടമായി. 15 വര്‍ഷം മുമ്പ് മണല്‍തിട്ടയില്‍ ബോട്ട് ഇടിച്ച് ആലപ്പുഴ സ്വദേശികളായ മൂന്നുപേര്‍ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹം മൂന്ന് ദിവസങ്ങളിലായിട്ടാണ് കിട്ടിയത്. അപകടത്തില്‍പെട്ട ബോട്ട് പൂര്‍ണമായി തകര്‍ന്നു. അതിനുശേഷവും മുമ്പും ഒട്ടേറെ അപകടങ്ങള്‍ നടന്നു. ജീവനും ബോട്ടും നഷ്ടമായി. മുന്‍പ് മണല്‍തിട്ട നീക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് തുറമുഖ മന്ത്രിയായിരുന്ന എം.വി രാഘവന്‍ അഴിമുഖം സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
പിന്നീട് ടി.എന്‍ പ്രതാപന്‍ എംഎല്‍എ ഇടപെട്ട് മണല്‍നീക്കാന്‍ കപ്പല്‍ എത്തിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാതെ മണ്ണുമാന്തി കപ്പല്‍ തിരിച്ചുപോയി. പുലിമുട്ട് പണിതാല്‍ കടല്‍ക്ഷോഭത്തിനും മണല്‍തിട്ട ഭീഷണിക്കും പരിഹാരമാകുമെന്ന് വിദഗ്ധ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പുലിമുട്ടിന്റെ പണി ആരംഭിച്ചു. ചേറ്റുവ അഴിമുഖത്തിന്റെ ഇരുവശത്തായി കടപ്പുറം- ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലായി കോടികള്‍ ചെലവഴിച്ച് പുലിമുട്ട് നിര്‍മിച്ചു. ഇതിനിടയിലാണ് ആശങ്ക ഉയര്‍ത്തി മണല്‍തിട്ട ശക്തിപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."