വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു
കൊല്ലം: വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടുതുടങ്ങിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുറയുന്നു. അരിയും കടലയും ഉഴുന്നും ഉള്‍പ്പെടെയുള്ളവയ്ക്കു ദീര്‍ഘകാലത്തിനു ശേഷമാണ് വില കുറയുന്നത്. അടുത്തിടെ 44 രൂപ വരെ വില ഉയര്‍ന്ന മേല്‍ത്തരം കുത്തരി വില രണ്ടു രൂപ കുറഞ്ഞ് 42ലും ചില്ലറ വിപണിയില്‍ 200 രൂപയിലെത്തിയ ഉഴുന്ന് 30 രൂപയോളം കുറഞ്ഞ് 170 രൂപയിലെത്തി. 124 രൂപ ഉണ്ടായിരുന്ന കടലക്ക് 110 രൂപയാണു വില.
വിലക്കയറ്റം നിയന്ത്രിക്കാന്‍ നിത്യോപയോഗ സാധനങ്ങളുടെ ദിനംതോറുമുള്ള വിലനിലവാര അവലോകനം നടത്തുന്നതിനായി സെക്രട്ടേറിയറ്റില്‍ പ്രൈസ് മോണിറ്ററിങ് സെല്‍ ആരംഭിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ നടപ്പിലാകും.
സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനു താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാന മാര്‍ക്കറ്റുകളില്‍ നടന്നുവരുന്ന മിന്നല്‍ പരിശോധനകള്‍ എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. നേരിട്ടുള്ള ഇടപെടലിലൂടെ വിപണിയുടെ നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചുപിടിക്കാനാണ് നീക്കം.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്‌റ്റോറുകളിലും സാധനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ എല്ലാ സാധനങ്ങളും എത്തിയേക്കും. ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയാണ് ഔട്ട്‌ലെറ്റുകളില്‍ പ്രതീക്ഷിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അവ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ പോയി സംഭരിക്കുന്ന നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ കൂടുതല്‍ നാടന്‍ വിഭവങ്ങള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങി.
റെക്കോര്‍ഡിലെത്തിയ നേന്ത്രക്കായ വിലയും കുറഞ്ഞുതുടങ്ങി. ചില്ലറ വിപണിയില്‍ 80 രൂപ വരെ വില ഉയര്‍ന്ന ഏത്താക്കായ 20 രൂപ കുറഞ്ഞ് 60 രൂപയില്‍ എത്തി. കൂടുതല്‍ ജൈവപച്ചക്കറികള്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ പച്ചക്കറി വില കുറയാനും സാധ്യതയുണ്ട്. ആന്ധ്രയില്‍നിന്നുള്ള കൂടുതല്‍ മൊത്തവ്യാപാരികള്‍ സിവില്‍ സപ്ലൈസിന്റെ ഇ-ടെന്‍ഡറില്‍ പങ്കെടുക്കുന്നതോടെ അരിവില ഇനിയും കുറഞ്ഞേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."