കള്ളനോട്ട്; അറസ്റ്റിലായത് അന്തര്‍സംസ്ഥാന സംഘാംഗം
തൊടുപുഴ: നൂറു രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ പിടിയിലായ പുറ്റടി കടിയന്‍കുന്നില്‍ കെ. കെ രവീന്ദ്രന് (56) ബംഗളൂരു കേന്ദ്രമാക്കിയുള്ള വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്നു പൊലിസ് കണ്ടെത്തി. സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടായിരുന്നെന്നും ഒന്‍പത് കോടിയുടെ ഇടപാടിന് തയ്യാറെടുക്കുകയായിരുന്നുവെന്നും പിടിയിലായ പ്രതിയില്‍നിന്നും വിവരം ലഭിച്ചു.
കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പി. കെ. സുനില്‍ കുമാര്‍ (38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരിഫ്, കോയമ്പത്തൂര്‍ സ്വദേശി നിധിഷ് എന്നിവര്‍ക്കുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പിടിയിലായ പ്രതിയുമായി ബംഗളൂരുവിലേക്ക് പോയ പൊലിസ് സംഘം അവിടെ ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി നടത്തിയ അനേഷണത്തില്‍ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി. ഹേബകുടി പൊലിസ് സ്റ്റേഷന് പരിധിയിലെ ആനന്ദകുണ്ടു നിസര്‍ഗ്ഗ വൃന്ദാവന്‍ ലോഡ്ജിലെ 375 മുറിയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റര്‍, സ്ക്രീന്‍ പ്രിന്റിങ് ഉപകരണങ്ങള്‍, മഷി, കളറുകള്‍ എന്നിവ ഉള്‍പ്പെടെ 22-ഓളം സാധനങ്ങള്‍ മുറിയില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു. രവീന്ദ്രന്റെ സംഘത്തിലെ പ്രധാനി സുനില്‍കുമാര്‍ ബാംഗളൂരുവില്‍ ഇലക് ട്രിക്കല്‍ ജോലി നടത്തുന്നതിന്റെ മറവിലായിരുന്നു കള്ളനോട്ട് അച്ചടിയും വിതരണവും. സുനിലും സംഘത്തിലെ മറ്റ് അംഗങ്ങളായ ഷെരിഫ്, നിധിഷ് എന്നിവരും മുന്‍പ് കള്ളനോട്ട് കേസില്‍ ഉള്‍പെട്ടവരാണ്. അഞ്ച് മാസം മുന്‍പാണ് സംഘം ബംഗളൂരുവില്‍ മുറിയെടുത്തു പ്രിന്റിങ് തുടങ്ങിയത്. പൊലിസ് ബംഗളൂരുവിലെ മുറിയില്‍ നടത്തിയ അന്വേഷണത്തിനിടെ രവീന്ദ്രന് ഇടുക്കി കാമാക്ഷിയില് കള്ളനോട്ട് പണം ഉപയോഗിച്ച് വാങ്ങിയ 50 സെന്റ് സ്ഥലത്തിന്റെ ആധാരവും കണ്ടെടുത്തു. 1000, 500, 100 രൂപയുടെ നോട്ടുകളാണ് സംഘം അച്ചടിച്ചിരുന്നത്.
കട്ടപ്പന ഡിവൈ. എസ്. പി രാജ്മോഹന്‍, സി. ഐ അനില്‍കുമാര്‍, എസ്. ഐ: മഹേഷ്കുമാര്‍, എ. എസ്. ഐ: സിബി, എസ്. സി. പി. ഒ: പ്രകാശ്, ജെയിംസ്, സി. പി. ഒ ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."