നീലഗിരിയില്‍ പണിമുടക്ക് ഭാഗികം വിവിധയിടങ്ങളില്‍ 800 പേര്‍ അറസ്റ്റില്‍
ഗൂഡല്ലൂര്‍: നീലഗിരിയില്‍ പണിമുടക്ക് ഭാഗികം. പലയിടങ്ങളിലും റോഡ്, ബാങ്ക്, റെയില്‍ ഉപരോധങ്ങള്‍ നടന്നു. എണ്ണൂറോളം പേരെ വിവിധയിടങ്ങളിലായി പൊലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു.
എന്നാല്‍ സ്‌കൂളുകളും ബസ് സര്‍വിസുകളും പതിവ് പോലെ നടന്നു. കടകമ്പോളങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. മഞ്ചൂരില്‍ പോസ്റ്റ് ഓഫിസ് ഉപരോധത്തിനെത്തിയ സമരക്കാരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ റോഡ് ഉപരോധം നടത്തി. റോഡ് ഉപരോധിച്ച 400 സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. പന്തല്ലൂരില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം നടന്നു. ഇവിടെ ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് ഉപരോധിച്ചു. ഉപരോധക്കാരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. 200 പേരാണ് ഇവിടെ അറസ്റ്റ് വരിച്ചത്. ഊട്ടിയില്‍ സമരക്കാര്‍ റയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചു. ട്രയിന്‍ ഉപരോധിക്കാനെത്തിയ സമരക്കാരെ പൊലിസ് തടയുകയായിരുന്നു. ഇവിടെയും പൊലിസ് ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 200 പേരെ ഇവിടെ പൊലിസ് കസ്റ്റഡിയിലെടുത്തു. അറവങ്കാട് വെടിമരുന്ന് ശാലയിലെ 1800 തൊഴിലാളികളും പണിമുടക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാന്‍ടി എസ്റ്റേറ്റുകളിലെ കൊളപ്പള്ളി, നാടുകാണി, ചേരങ്കോട് ഡിവിഷനുകളിലെ തൊഴിലാളികളും അത്തിക്കുന്ന്, മേലൂര്‍, കോട്ടക്കല്ല്, സുല്‍ത്താന, പഴനി തുടങ്ങിയ സ്വകാര്യ എസ്റ്റേറ്റുകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. 250 ടി.എന്‍.എസ്.ടി.സി ജീവനക്കാരില്‍ 150 പേര്‍ ജോലിക്ക് ഹാജരായി. സഹകരണ ഫാക്ടറി ജീവനക്കാരും ബേങ്ക് ജീവനക്കാരും തപാല്‍ ഓഫിസ് ജീവനക്കാരും പണിമുടക്കി. കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ നീലഗിരിയിലേക്ക് സര്‍വിസ് നടത്തിയില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും സര്‍വീസ് നടത്തിയില്ല.
തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ പാട്ടവയല്‍, കക്കനഹള്ള, നാടുകാണി, താളൂര്‍, ചേരമ്പാടി എന്നീ സ്ഥലങ്ങളിലെ അതിര്‍ത്തിവരെ സര്‍വിസ് നടത്തി. പന്തല്ലൂരിലെ ഇന്ത്യന്‍ ബാങ്ക് ഉപരോധ സമരം എന്‍ വാസു ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. മാടസ്വാമി, കെ രാജന്‍, ബാലകൃഷ്ണന്‍, ലോകനാഥന്‍, വി എ ഭാസ്‌കരന്‍, എ യോഹന്നാന്‍, ലീലാ വാസു, പി രമേശ്, എം ആര്‍ സുരേഷ്, മുത്തുകുമാര്‍ സംസാരിച്ചു. ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ അന്‍പഴകന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ അധ്യക്ഷനായി. പത്മനാഥന്‍, കരുണാനിധി, സുനില്‍, തങ്കരാജ്, വര്‍ഗീസ്, ഗുണശേഖരന്‍ സംസാരിച്ചു. ഊട്ടിയില്‍ പി ഗാന്ധി അധ്യക്ഷനായി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മൂര്‍ത്തി, ശെല്‍വരാജ്, കുപ്പുസ്വാമി സംസാരിച്ചു. മഞ്ചൂരില്‍ പി ഗാന്ധി ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ അധ്യക്ഷനായി. ശങ്കര്‍ലിംഗം, മാധേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."