നീലേശ്വരം നഗരസഭാ യോഗം ഫണ്ടിന്റെ അപര്യാപ്തത ചര്‍ച്ചയായി
നീലേശ്വരം: തനതു ഫണ്ടിന്റെ അപര്യാപ്തത മൂലം നഗരസഭാ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ നഗരസഭാ കക്ഷി നേതാവ് എറുവാട്ട് മോഹനാണ് വിഷയം ഉന്നയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് എറുവാട്ട് ഇതുന്നയിച്ചത്. നഗരസഭയില്‍ ടൗണ്‍ കേന്ദ്രീകൃതമായ വികസനം നടന്നാല്‍ മാത്രമേ തനതു ഫണ്ടില്‍ വര്‍ധനവുണ്ടാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണസമിതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനതു ഫണ്ട് വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ മറുപടി നല്‍കി. രാജാ റോഡ് വികസനത്തിനായി പുതിയ പ്രൊജക്ടിലും അന്തിമ വകയിരുത്തലിലും തുക നീക്കിവയ്ക്കാത്തതിനേയും എറുവാട്ട് ചോദ്യം ചെയ്തു. എന്നാല്‍ എറുവാട്ടിനെ ചോദ്യം ചെയ്ത് ഭരണപക്ഷത്തെ എ.വി സുരേന്ദ്രന്‍, പി മനോഹരന്‍, പി.കെ രതീഷ് എന്നിവര്‍ സംസാരിച്ചു.
പൊതുമരാമത്തിനു കീഴിലുള്ള പ്രസ്തുത റോഡ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാന്റെ കാലത്ത് എന്തുകൊണ്ടു വികസിപ്പിച്ചില്ലെന്ന മറുചോദ്യമാണ് ഇവരുയര്‍ത്തിയത്.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചറുകളും പഠനോപകരണങ്ങളും വാങ്ങാനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച അഞ്ചു ലക്ഷം രൂപ അന്തിമ വകയിരുത്തലില്‍ രണ്ടു ലക്ഷമായി കുറഞ്ഞതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.പി ബീന ചോദ്യം ചെയ്തു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ കുറഞ്ഞ തുക മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചതിനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. ചെയര്‍മാന്‍ യോഗത്തില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."