അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്
നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ സൂപ്പർതാരം ശ്രേയസ് അയ്യർ നടത്തിയത്. മത്സരത്തിൽ 36 പന്തിൽ 59 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. 169.89 സ്ട്രൈക്ക് റേറ്റിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്.
ഇപ്പോഴിതാ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ശ്രയസ് അയ്യറിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങ്. ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുന്നുണ്ട് എന്നാണ് പറഞ്ഞത്. ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പോണ്ടിങ്.
'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന് പുറത്തായതിൽ എനിക്ക് അൽപ്പം അത്ഭുതം തോന്നുന്നു. 2023ൽ ഇന്ത്യയിൽ നടന്ന ലോകകപ്പോൾ അദ്ദേഹം മികച്ച പ്രകടനം നടത്തി. ആ ടൂർണമെന്റിൽ അദ്ദേഹം മധ്യനിരയിൽ മനോഹരമായി കളിച്ചു. ആ സമയങ്ങളിൽ അവൻ ആ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചുവെന്ന് എനിക്ക് തോന്നി,' പോണ്ടിങ് പറഞ്ഞു.
2023 ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം ആയിരുന്നു ശ്രേയസ് അയ്യർ നടത്തിയിരുന്നത്. ഇന്ത്യയെ ആ ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കുന്നതിൽ അയ്യർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു ടൂർണമെന്റിൽ 530 റൺസ് ആയിരുന്നു താരം അടിച്ചെടുത്തത്. എന്നാൽ പിന്നീട് നീണ്ട കാലത്തോളം ഇന്ത്യൻ ടീമിൽ നിന്നും അയ്യർ പുറത്താവുകയായിരുന്നു. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്ക് ശ്രേയസിനെ പഞ്ചാബ് കിങ്‌സ് ആയിരുന്നു സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിലും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താവുകയായിരുന്നു. വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."