CBSE സ്‌കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം
ദുബൈ: നിങ്ങള്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണോ? എങ്കില്‍ സുഗമവും നീതിയുക്തവുമായി പരീക്ഷയെ സമീപിക്കാന്‍ നിങ്ങള്‍ പരീക്ഷാനിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ഫെബ്രുവരി 15 ന് ആരംഭിക്കുന്ന 2025ലെ പരീക്ഷകള്‍ക്കായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറപ്പെടുവിച്ചിട്ടുള്ളത്.
പരീക്ഷാ നൈതികത, നിയമങ്ങള്‍, ലംഘനങ്ങളുടെ അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കണമെന്ന് ബോര്‍ഡ് ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യായമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശിക്ഷകള്‍ വ്യക്തമാക്കുന്ന 'അണ്‍ഫെയര്‍ മീന്‍സ് ആക്റ്റ്' സംബന്ധിച്ച വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സുഗമവും നീതിയുക്തവുമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കുന്നതിന്, സിബിഎസ്ഇ ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോകകാന്‍ അനുവദിക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങള്‍ സ്‌കൂളുകള്‍ നല്‍കും.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ നൈതികത, നിയമങ്ങള്‍, ലംഘനങ്ങളുടെ അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സെന്റര്‍ സൂപ്രണ്ടുമാര്‍ക്കും അയച്ച കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍
1. ധാര്‍മ്മിക പെരുമാറ്റം:
പരീക്ഷാ നൈതികത, നിയമങ്ങള്‍, പരീക്ഷാ ലംഘനങ്ങളുടെ അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ച് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കണം. അന്യായമായ ഇടപെടലുകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും (UFM) പിഴകളും വിദ്യാര്‍ഥികള്‍ക്ക് ഉറക്കെ വായിച്ചു കേള്‍പ്പിക്കണം.
2. നിരോധിത വസ്തുക്കള്‍ക്കുള്ള കര്‍ശന നിയമങ്ങള്‍:
ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലുള്ള നിരോധിത വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പരീക്ഷകള്‍ റദ്ദാക്കുന്നതിന് കാരണമാകും.
പരീക്ഷാ ഉദ്യോഗസ്ഥര്‍ ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പരീക്ഷാ ഹാളില്‍ അനുവദനീയമായ വസ്തുക്കള്‍
രേഖകള്‍ : അഡ്മിറ്റ് കാര്‍ഡ്, സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് (റെഗുലര്‍ വിദ്യാര്‍ത്ഥികള്‍), അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് (സ്വകാര്യ വിദ്യാര്‍ത്ഥികള്‍).
സ്റ്റേഷനറി സാധനങ്ങള്‍ : സുതാര്യമായ പൗച്ച്, ജ്യാമിതി ബോക്‌സ്, നീല പേനകള്‍, സ്‌കെയില്‍, ഇറേസര്‍, റൈറ്റിംഗ് പാഡ്, സുതാര്യമായ വാട്ടര്‍ ബോട്ടില്‍, അനലോഗ് വാച്ച്, മെട്രോ കാര്‍ഡ്, ബസ് പാസ്, പണം.
പരീക്ഷാ ഹാളില്‍ നിരോധിത വസ്തുക്കള്‍: കാല്‍ക്കുലേറ്ററുകള്‍, ലോഗ് ടേബിളുകള്‍, പെന്‍ ഡ്രൈവുകള്‍, സ്‌കാനറുകള്‍, ഏതെങ്കിലും തരത്തിലുള്ള ടെക്സ്റ്റ് മെറ്റീരിയലുകള്‍ (പ്രിന്റ് ചെയ്തതോ എഴുതിയതോ ആയത്).
ഇലക്ട്രോണിക് ഉപകരണങ്ങള്‍: മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, ഇയര്‍ഫോണുകള്‍, ഹെല്‍ത്ത് ബാന്‍ഡുകള്‍, മൈക്രോഫോണുകള്‍ അല്ലെങ്കില്‍ ക്യാമറകള്‍.
വസ്ത്രധാരണ രീതി സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കണം.
സ്വകാര്യ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അനുയോജ്യമായ ഭാരം കുറഞ്ഞതും സുഖകരവുമായ വസ്ത്രങ്ങള്‍ ധരിക്കണം.
ലംഘനങ്ങള്‍ക്കുള്ള പിഴകള്‍
നിലവിലുള്ളതും ഭാവിയിലുമുള്ള പരീക്ഷകള്‍ റദ്ദാക്കപ്പെട്ടേക്കാം (ഡിബാര്‍), ഡിബാര്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് തടയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."